18 തികഞ്ഞവർക്ക് ട്രാഫിക് ഫയൽ; നവീന പദ്ധതികളുമായി യു.എ.ഇ
ദുബൈ സ്വദേശികളുടെ നവജാത ശിശുക്കൾക്ക് ലേണേഴ്‌സ് പാസ്‌പോർട്ട്
ദുബൈ: യു.എ.ഇയിൽ 18 വയസ് തികയുന്ന ആർക്കും ഇനി പ്രത്യേകം അപേക്ഷ നൽകാതെ വാഹനങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഫയൽ ഓപ്പണാകും. യു.എ.ഇയിൽ ഗവൺമെൻറ് നടപടികളിലെ ചുവപ്പ് നാട ഒഴിവാക്കാനുള്ള സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം 18 തികയുന്നവർക്കെല്ലാം സ്വമേധയാ ട്രാഫിക് ഫയൽ ഓപ്പണാക്കുന്നത്. നേരത്തേ ലൈസൻസ് എടുക്കാനോ വാഹനം സ്വന്തമാക്കാനോ അപേക്ഷിക്കുമ്പോഴാണ് ട്രാഫിക് ഫയൽ ഓപ്പണാവുക. ഇനി മുതൽ 18 തികയുന്നതോടെ ട്രാഫിക് ഫയൽ സജ്ജമായ വിവരം എസ്.എം.എസിലൂടെ ലഭിക്കും. പിന്നീട് ആപ്പുകൾ വഴി ലൈസൻസിനും വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് നടപടികൾക്കും നേരിട്ട് അപേക്ഷിക്കാം.
അതേസമയം, ദുബൈ സ്വദേശികളുടെ നവജാത ശിശുക്കൾക്ക് ലേണേഴ്‌സ് പാസ്‌പോർട്ട് നൽകുന്ന പദ്ധതിയും ഗവൺമെൻറ് പ്രഖ്യാപിച്ചു. ദുബൈയിൽ ജനിക്കുന്ന സ്വദേശികളുടെ മക്കൾക്കാണ് ജനിച്ചയുടൻ ലേണേഴ്‌സ് പാസ്‌പോർട്ട് നൽകുക. കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എയും ദുബൈ ഹെൽത്ത് അതോറിറ്റിയും ചേർന്നാണ് ഇത് നടപ്പാക്കുക. കഴിഞ്ഞ ദിവസം ദുബൈ കിരീടാകവാശി പ്രഖ്യാപിച്ച സമഗ്രവിദ്യാഭ്യാസ നയത്തിലാണ് ഓരോ കുഞ്ഞിന്റെയും സ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന ഈ പദ്ധതി.