ബഹിരാകാശത്ത് ചരിത്രദൗത്യം; യുഎഇ തദ്ദേശീയമായി വികസിപ്പിച്ച 'എംബിസെഡ്‌' ഈ മാസം വിക്ഷേപിക്കും

സമ്പൂർണമായി എമിറാത്തി എഞ്ചിനീയർമാർ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഉപഗ്രഹമാണ് എംബിസെഡ് സാറ്റ്.

Update: 2024-10-05 19:06 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഈ മാസം വിക്ഷേപിക്കും. ബഹിരാകാശത്ത് യുഎഇയുടെ ചരിത്രദൗത്യമായി വിശേഷിപ്പിക്കുന്ന പദ്ധതിയാണ് എംബിസെഡ് സാറ്റ്.

സമ്പൂർണമായി എമിറാത്തി എഞ്ചിനീയർമാർ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഉപഗ്രഹമാണ് എംബിസെഡ് സാറ്റ്. മെക്കാനിക്കൽ ഘടനയുടെയും ഇലക്ട്രോണിക് മൊഡ്യൂളുകളുടെയും 90 ശതമാനവും നിർമിച്ചത് രാജ്യത്തിനകത്തെ കമ്പനികളാണ്. പരിസ്ഥിതി പരിശോധനകളും പ്രതിരോധശേഷിയും ഉറപ്പാക്കുന്ന പരീക്ഷണഘട്ടത്തിന് ശേഷമാകും ഉപഗ്രഹം വിക്ഷേപിക്കുക.

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനോടുള്ള ആദരസൂചകമായാണ് ഉപഗ്രഹത്തിന് എംബിസെഡ് സാറ്റ് എന്ന് പേരിട്ടത്. മേഖലയിൽ ഏറ്റവും മികച്ച റെസൊലൂഷ്യനിൽ ചിത്രങ്ങൾ പകർത്തുന്ന സാങ്കേതിക വിദ്യയാണ് ഉപഗ്രഹത്തിലേത്. പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, നാവിഗേഷൻ, കാർഷിക വികസനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഉപഗ്രഹം നൽകുന്ന ഡാറ്റ പ്രധാനമായും ഉപയോഗിക്കുക.

മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമാണ് ഉപഗ്രഹത്തിന്റെ പിന്നണിയിലുള്ളത്. യുഎഇയുടെ നാലാമത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് എംബിസെഡ് സാറ്റ്. സ്പേസ് എക്സിന്റെ ഫാൽക്കൽ നൈൻ റോക്കറ്റിലാകും ഉപഗ്രഹത്തിന്റെ വിക്ഷേപണം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News