യുഎഇയിൽ തൊഴിൽനഷ്ട ഇൻഷൂറൻസ് അംഗങ്ങൾ 80 ലക്ഷം കടന്നു

അംഗത്വമെടുക്കാത്തവർക്ക് 400 ദിർഹം പിഴ

Update: 2024-09-19 17:04 GMT
Advertising

ദുബൈ: ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി യുഎഇ നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരൻമാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷൂറൻസ് നിർബന്ധമാണ്. നിലവിലെ ഇൻഷൂറൻസ് സ്‌ക്രീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. സ്വന്തമായി ബിസിനസ് നടത്തുന്നവർ, ഗാർഹിക തൊഴിലാളികൾ, താൽകാലിക തൊഴിലാളികൾ, 18 വയസ്സിന് താഴേയുള്ളവർ, റിട്ടയർ ആയ ശേഷം പുതിയ ജോലി ചെയ്യുന്നവർ എന്നിവരെ ഇൻഷൂറൻസ് പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തൊഴിലാളികളും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് സാമ്പത്തിക സുരക്ഷയുടെ ഗുണങ്ങൾ നേടണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

തൊഴിലാളികൾക്ക് താങ്ങാവുന്ന രീതിയിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടാൽ നിശ്ചിത കാലാവധി വരെ ഇൻഷൂറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. 16,000 ദിർഹമോ അതിൽ കുറവോ അടിസ്ഥാന ശമ്പളമുള്ളവർക്ക് പ്രതിമാസം അഞ്ച് ദിർഹം വെച്ച് വർഷത്തിൽ പരമാവധി 60 ദിർഹമാണ് പ്രീമിയം തുക. ഇവർക്ക് 10,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കും. 16,000 ദിർഹത്തിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികൾക്ക് പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 10 ദിർഹമാണ്. ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടാൽ 20,000 ദിർഹം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. തുടർച്ചയായി 12 മാസം പദ്ധതിയിൽ അംഗമായവർക്കാണ് നഷ്ടപരിഹാരത്തിന് അർഹത. റസിഡൻസി പെർമിറ്റ് റദ്ദാക്കുകയോ രാജ്യം വിടുകയോ പുതിയ ജോലി ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ ഇൻഷൂറൻസ് നഷ്ടപരിഹാരത്തിനുള്ള അവകാശം നഷ്ടമാകും. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനകം ഇൻഷൂറൻസ് ആനുകൂല്യത്തിന് അപേക്ഷ നൽകണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News