ഗസ്സയിലും ലബനാനിലും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യം, യുദ്ധം നിർത്തണം: യുഎന്നില്‍ യുഎഇ

യു.എന്നിലെ യുഎഇ അംബാസഡർ അബൂ ഷിഹാബാണ് ഗസ്സയ്ക്കും ലബനാനും വേണ്ടി യു.എന്നിൽ സംസാരിച്ചത്

Update: 2024-10-11 17:07 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ഗസ്സയിലും തെക്കൻ ലബനാനിലും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് യുഎഇ. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും ഇസ്രായേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് യു.എന്നിലെ യുഎഇ അംബാസഡർ അബൂ ഷിഹാബ് ഗസ്സയ്ക്കും ലബനാനും വേണ്ടി യു.എന്നിൽ സംസാരിച്ചത്. ഗസ്സയിലെ യുദ്ധവും ലബനാനിലെ സംഘർഷവും അടിയന്തരമായി അവസാനിപ്പിക്കേണ്ട സമയമായി, ഇതിനായി ബഹുമുഖ പദ്ധതികൾ ആവശ്യമാണ്, തുടർസംഘർഷങ്ങൾ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമാണ്- അബൂ ഷഹാബ് വ്യക്തമാക്കി. മധ്യേഷ്യയെ ആണവ മുക്തമാക്കി, നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ഗസ്സയിലെയും ലബനാനിലെയും ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ യുഎഇ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യുഎഇ അറിയിച്ചു. യുഎൻ പൊതുസഭയിൽ യുഎഇ പ്രതിനിധി ഫാതിമ അൽ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ഉറപ്പില്ലാതെ യുദ്ധാനന്തര ഗസ്സ പദ്ധതികളുമായി സഹകരിക്കില്ലെന്ന് നേരത്തെ യുഎഇ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഒരു വർഷമായി ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിൽ ഇതുവരെ 42000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ദുരിതബാധിതർക്കായി 3500 ഓളം ടൺ സഹായമാണ് യുഎഇ ഇതുവരെ എത്തിച്ചിട്ടുള്ളത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News