ദുബൈ ഓപ്പറയിലേക്ക് സന്ദർശകപ്രവാഹം; ആറുവർഷത്തിനിടയിൽ 10ലക്ഷം സന്ദർശകര്‍
2016ആഗസ്റ്റ് 31ന് ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ ഇതിനകം 1,200 ഷോകളാണ് അരങ്ങേറിയത്
ലോകോത്തര കലാ പ്രകടനങ്ങളുടെ വേദിയായ ദുബൈ ഓപറയിലേക്ക് സന്ദർശകപ്രവാഹം. ആറുവർഷത്തിനിടയിൽ 10ലക്ഷം സന്ദർശകരാണ് ഇവിടെ വന്നുചേർന്നത്. 2016ആഗസ്റ്റ് 31ന് ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ ഇതിനകം 1,200 ഷോകളാണ് അരങ്ങേറിയത്.
ഗൾഫ് മേഖലയിലെ തന്നെ കലാപ്രകടനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ദുബൈ ഓപറ. 2000 പേര്‍ക്ക് കലാ പ്രകടനങ്ങള്‍ ആസ്വദിക്കാനാവുന്ന ഓപറ ഹൗസ് അറേബ്യന്‍ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിച്ചത്. ദുബൈ ക്രീക്കിലൂടെ സഞ്ചരിക്കുന്ന പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍റെ രൂപത്തിലെ ഓപറ ഹൗസ് ലോകതലത്തിൽ തന്നെ ആകർഷികപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് അഭിമുഖമായി ബുര്‍ജ് പാര്‍ക്കിനും ദുബൈ ഫൗണ്ടനും സമീപമാണ് ഓപറ ഹൗസ് സ്ഥതി ചെയ്യുന്നത്. പ്രധാന സ്റ്റേജിന് പുറമെ ഓര്‍ക്കസ്ട്രക്ക് പ്രത്യേക സംവിധാനവും ഇവിടെയുണ്ട്.
കാണികള്‍ക്ക് കാത്തിരിപ്പ് സ്ഥലം, ടാക്സി നിര്‍ത്താൻ സ്ഥലം, പാര്‍ക്കിങ് സ്ഥലം തുടങ്ങിയവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സിഡ്നി ഓപറ ഹൗസ് പോലെ ലോകപ്രശസ്ത കലാകാരന്മാരുടെ നിരവധി പ്രകടനങ്ങള്‍ക്ക് ദുബൈ ഓപറ ഹൗസും വേദിയായിട്ടുണ്ട്. മൂന്നുതരത്തില്‍ സജ്ജീകരിക്കാവുന്ന വിധത്തിലാണ് ഓപറ ഹൗസിന്‍റെ ഡിസൈന്‍. സംഗീത പരിപാടികള്‍ക്ക് പുറമെ പ്രദര്‍ശനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. ആഡംബര ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുടെ സമീപത്താണെന്ന പ്രത്യേകത ഇതിനെ വ്യതിരിക്തമാക്കുന്നു.