ട്രാഫിക് ഫയലിൽ എത്ര ബ്ലാക്ക് പോയിന്റുകൾ ശേഷിക്കുന്നുണ്ടെന്നറിയാൻ എന്തു ചെയ്യണം ?
യുഎഇയിൽ ഓഗസ്ത് 28ന് തിങ്കളാഴ്ച നടത്തിയ "അപകട-രഹിത ദിനം" പദ്ധതിയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തവരുടെ ട്രാഫിക് ഫയലിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ സ്വമേദയാ കുറയുമെന്ന് മുൻപ് പറഞ്ഞിരുന്നു. അതിൽ പങ്കെടുത്തവർക്കും മറ്റുള്ളവർക്കും നിലവിൽ തങ്ങളുടെ ട്രാഫിക് ഫയലിൽ എത്ര ബ്ലാക്ക് പോയിന്റുകൾ ശേഷിക്കുന്നുണ്ടെന്ന് അറിയാൻ മാർഗ്ഗമുണ്ട്.
രാജ്യത്ത് വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചാണ് 28ന് "അപകട-രഹിത ദിനം" പദ്ധതി നടപ്പിലാക്കിയത്.
നിശ്ചിത വെബ്സൈറ്റിലൂടെ നിരവധിയാളുകൾ അതിനായി പ്രത്യേക പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമായി മാറിയ എല്ലാവരുടേയും നാലു ബ്ലാക്ക് പോയിൻ്റുകൾ സ്വമേദയാ ഇല്ലാതായിട്ടുണ്ടെന്നാണ് പരിശോധിച്ചവരെല്ലാം വ്യക്തമാക്കുന്നത്.
പദ്ധതിയുടെ ഭാഗമാകാൻ പ്രതിജ്ഞ എടുക്കുകയും അന്നേ ദിവസം ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ രേഖപ്പെടുത്താതെ ദിവസം മുഴുവൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമായത്.
നിങ്ങളുടെ ഫയലിൽ എത്ര ബ്ലാക്ക് പോയിന്റുകൾ അവശേഷിക്കുന്നുണ്ടെന്ന്പരിശോധിക്കാൻ ഒന്നുകിൽ ദുബൈ പൊലീസ് വെബ്‌സൈറ്റ് സന്ദർശിച്ച് -( https://www.dubaipolice.gov.ae/ ) 'ട്രാഫിക് സർവിസസ്' ഒപ്ഷൻ തിരഞ്ഞെടുത്ത്, ‘ഫൈൻസ് & പേയ്‌മെൻ്റ്’ എന്നതിൽ ക്ലിക്ക് ചെയ്ത് കാര്യങ്ങൾ മനസിലാക്കാവുന്നതാണ്.
കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ - moi.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ചാലും സേവനം ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റിൽ കയറിയാൽ ‘ഇ-സർവിസസ്’ മെനുവിന് കീഴിൽ, ‘ട്രാഫിക്ക് & ലൈസൻസ്’ ഒപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് MOI പോർട്ടലിലേക്ക് സൈൻ ഇൻ ചെയ്യണം.
ശേഷം, സ്ക്രീനിന്റെ മുകളിലുള്ള മെനുവിലെ 'ഡാഷ്ബോർഡ്' ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ട്രാഫിക് ഫയലിന്റെ ഒരു സംഗ്രഹം അവിടെ നിന്ന് കണ്ടെത്താവുന്നതാണ്.