ദുബൈ എയർപോർട്ടിൽ ലഹരിവേട്ട; യുവതിയിൽ നിന്ന് പിടിച്ചത് 5.7 കിലോ കൊക്കെയിൻ
ലഹരിക്കടത്ത് പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളാണ് ദുബൈ വിമാനത്താവളത്തിലുള്ളത്
ദുബൈ വിമാനത്താവളത്തിൽ ലഹരി മരുന്ന് ശേഖരവുമായി യുവതി പിടിയിൽ. അഞ്ചര കിലോയിലേറെ കൊക്കെയിൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെ എക്സ് റേ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലാറ്റിനമേരിക്കൻ രാജ്യത്ത് നിന്നെത്തിയ യുവതിയിൽ നിന്നാണ് 5.7 കിലോ കൊക്കൈയൻ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ് റേ പരിശേധാനയിൽ ലഗേജിനുള്ളിൽ അസ്വാഭാവികമായി ചിലത് കണ്ടെത്തി. വിശദ പരിശോധനയിൽ ഇത് കൊക്കെയ്നാണെന്ന് മനസിലായി.
ബാഗിനുള്ളിലെ രഹസ്യഅറയിൽ പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് 3.2 കിലോ കൊക്കൈൻ കണ്ടെത്തിയത്. ഷാമ്പുവിന്റെ കുപ്പിയിൽ നിറച്ച നിലയിലായിരുന്നു 2.4 കിലോ കൊക്കൈൻ. ലഹരികടത്ത് പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളാണ് ദുബൈ വിമാനത്താവളത്തിലുള്ളതെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപാർട്ട്മെന്‍റ് ഡയറക്ടർ ഇബ്രാഹിം കമാലി ചൂണ്ടിക്കാട്ടി.