കുവൈത്തിൽ വിസ മെഡിക്കൽ പരിശോധന സ്വകാര്യവത്കരിക്കുന്നു
ഇത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ അധികൃതർക്ക് നിർദേശം നൽകി
കുവൈത്തിൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധന സ്വകാര്യ ക്ലിനിക്കുകൾ വഴി നടത്താൻ നീക്കം. വിദേശികളുടെ ഇഖാമയ്ക്ക് മുന്നോടിയായി നടത്തുന്ന മെഡിക്കൽ പരിശോധനയാണ് സ്വകാര്യ ക്ലിനിക്കുകളുടെ സഹകരണത്തോടെ നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ ആരോഗ്യ ക്ലിനിക്കിലെ തിരക്ക് കുറയ്ക്കാനും പരിശോധനകൾക്കുള്ള കാത്തിരിപ്പ് ഒഴിവാക്കുവാനുമാണ് വിസ മെഡിക്കൽ സേവനങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിൻറെ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ വഴിയായിരിക്കും പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധന നടത്തുക. ഇതോടെ വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന വേഗത്തിലാക്കാനും അതുവഴി തൊഴിലുടമകൾക്ക് കൂടുതൽ സൗകര്യം ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.