വിന്റർ വണ്ടർ ലാന്റ് ഞായറാഴ്ച തുറക്കും; പ്രവേശന നിരക്ക് അഞ്ച് ദിനാർ
എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: വിന്റർ വണ്ടർ ലാന്റ് വിനോദ പാർക്ക് ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാർക്കിൽ ഒരുക്കിയതായി ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അധികൃതർ അറിയിച്ചു. അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 12 വരെയും ആയിരിക്കും പാർക്കിന്റെ പ്രവർത്തനം.
എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നാല് വയസ് വരെ പ്രായമായ കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് ദിനാറാണ് പ്രവേശന ഫീസ്. എന്നാൽ ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകൾ മാത്രമാണ് അനുവദിക്കുക.
നാല് മാസത്തിനുള്ളിലാണ് പദ്ധതി പൂർത്തീകരിച്ചത്. സ്വദേശികൾക്കും വിദേശികൾക്കും കുടുംബത്തോടെ എത്തി ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാർക്കിൽ ഒരുക്കുമെന്നും സാഹസികതയും കൗതുകവും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും വിന്റർ വണ്ടർലാൻഡ് നൽകുകയെന്നും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു. സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.