ലോകകപ്പിന് കുറ്റമറ്റ സുരക്ഷ; സുരക്ഷാ ഡ്രില്‍ അടുത്തയാഴ്ച
11 രാജ്യങ്ങളുടെ സൈന്യം അഭ്യാസങ്ങളുടെ ഭാഗമാകും.
ലോകകപ്പ് ഫുട്ബോള്‍ സെക്യൂരിറ്റി ഡ്രില്‍ അടുത്തയാഴ്ച നടക്കും. ഞായറാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലാണ് സുരക്ഷാ ഒരുക്കങ്ങള്‍ പരീക്ഷിക്കുക. 13 രാജ്യങ്ങള്‍ ഡ്രില്ലിന്റെ ഭാഗമാകും. വതന്‍ എന്ന പേരില്‍ നടക്കുന്ന സുരക്ഷാ അഭ്യാസങ്ങളില്‍ തുര്‍ക്കിയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും അടക്കം 13 രാജ്യങ്ങളാണ് പങ്കാളികളാകുന്നത്.
11 രാജ്യങ്ങളുടെ സൈന്യം അഭ്യാസങ്ങളുടെ ഭാഗമാകും. ലോക ഫുട്ബോളിലെ സൂപ്പര്‍ വിവിഐപികളും പത്ത് ലക്ഷത്തിലേറെ ആരാധകരുമാണ് ഖത്തറില്‍ സംഗമിക്കുന്നത്. അതിനാല്‍ തന്നെ കുറ്റമറ്റതും പഴുതടച്ചതുമായ സുരക്ഷാക്രമീകരണങ്ങള്‍ അനിവാര്യമാണ്. ടൂര്‍ണമെന്റ് സമയത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ പരീക്ഷണമെന്ന നിലയിലാണ് ഇത്തവണ വതന്‍ നടക്കുന്നത്.
സൈന്യവും സിവില്‍ ഏജന്‍സികളും തമ്മിലുള്ള ഏകോപനം, അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ വിഭാഗത്തിന്റെ പ്രതികരണത്തിന്റെ വേഗത, എന്നിവയെല്ലാം ഡ്രില്ലില്‍ പരീക്ഷിക്കും. ലോകകപ്പ് സമയത്ത് സാധ്യതയുള്ള എല്ലാതരം അപകട സാധ്യതകളും സാഹചര്യങ്ങളും ഡ്രില്ലില്‍ സൃഷ്ടിക്കും.
സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ വിദഗ്ധരും ഭാഗവാക്കാകും. ലോകകപ്പ് സുരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്.