ഹജ്ജിന് വിടചൊല്ലി ഹാജിമാര്‍

ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും.

Update: 2018-08-24 03:12 GMT
Advertising

ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെ ഹാജിമാര്‍ ഹജ്ജില്‍ നിന്നും വിടവാങ്ങുന്നു. കാല്‍ക്കോടിയോളം ഹാജിമാരാണ് ഹജ്ജില്‍ നിന്നും വിടവാങ്ങുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 27ന് തുടങ്ങും.

പ്രാര്‍ഥനാ നിര്‍ഭരമായിരുന്നു ഇന്ന് പുലര്‍ച്ചെ വരെ മിനാ താഴ്‌വര. ഇന്ത്യക്കാരുള്‍പ്പെടെ ഹാജിമാരെല്ലാം രാവിലെ മുതല്‍ ജംറാത്തിലെത്തി പിശാചിന്റെ മൂന്ന് സ്തൂപത്തിലും അവസാന കല്ലേറ് നടത്തി. പിന്നെ കഅ്ബക്കരികിലെത്തി പ്രദക്ഷിണം. തിരിച്ച് മിനായിലെത്തി യാത്രക്കുള്ള ഒരുക്കം. മടക്കത്തിലും ഉള്ളിലുണ്ട് പുണ്യഭൂമി. ഹജ്ജില്‍ പഠിച്ചതും സഹിച്ചതും ജീവിതത്തിലുണ്ടാകും. അത് അപ്പടി പുലര്‍ത്തി നന്മയോടെ മരണം വരെ ജീവിക്കണം.

ഉച്ചക്ക് ശേഷം താഴ്‍വാരത്തോട് വിടചൊല്ലും ഇന്ത്യന്‍ ഹാജിമാര്‍. കാല്‍കോടി ഹാജിമാരാണ് ഇത്തവണയെത്തിയത്. ഒന്നേ മുക്കാല്‍ ലക്ഷം ഇന്ത്യക്കാരുണ്ട് ഇതില്‍. ഇവരില്‍ പകുതിയോളം പേര്‍ മദീനയില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അവിടെ നിന്നാണ് മടങ്ങുക.

മദീന സന്ദര്‍ശനം ഹജ്ജിന് മുന്നേ പൂര്‍ത്തിയാക്കിയവര്‍ ജിദ്ദ വിമാനത്താവളം വഴി ഈ മാസം 27 മുതല്‍ നാട്ടിലേക്ക് പറക്കും. വിജയകരമായ ഹജ്ജിനൊടുവില്‍ വീണ്ടും ശാന്തമാവുകയാണ് മിനാ താഴ്‌വര

Tags:    

Similar News