ഹജ്ജ് പൂർത്തിയായി: പുണ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തിരക്കിൽ ഹാജിമാർ
പ്രവാചകൻ ഖുര്‍ആന്‍ അവതരിച്ചതായി വിശ്വാസിക്കുന്ന ഹിറാ ഗുഹയാണ് സന്ദര്‍ശകരുട പ്രധാന ആകര്‍ഷണം
ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിച്ചതോടെ മക്കയില്‍ പുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ് ഹാജിമാര്‍. പ്രവാചകൻ ഖുര്‍ആന്‍ അവതരിച്ചതായി വിശ്വാസിക്കുന്ന ഹിറാ ഗുഹയാണ് സന്ദര്‍ശകരുട പ്രധാന ആകര്‍ഷണം. സമയമേറെ വേണം കുത്തനെയുള്ള ഈ മലക്ക് മുകളിലെത്താന്‍. മക്കയിലെ കഅ്ബയില്‍ നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെയാണ് ജബലുന്നൂര്‍. സമുദ്ര നിരപ്പിൽ നിന്ന് 761 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്കയിലെ വൻ മലകളിൽ ഒന്ന്. ഇതിനു മുകളിലാണ് ഹിറാ ഗുഹ. ഇസ്ലാമിക ചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട് ഈ ഗുഹക്ക്. ഇവിടെ വച്ചാണ് പ്രവാചകന്‍ മുഹമ്മദ് നബിക്ക് ദിവ്യബോധനം ലഭിച്ചതെന്നാണ് ഇസ്ലാം മത വിശ്വാസം. ഇഖ്റഅ് അഥവാ വായിക്കുക എന്ന വിശുദ്ധ ഖുര്‍ആനിലെ ആദ്യ വരികള്‍ പ്രവാചകന് അവതരിച്ചതും ഇവിടെ വെച്ചാണ്.
നാല്‍പതാം വയസ്സിലാണ് മുഹമ്മദെന്ന ഖുറൈശി ഗോത്രക്കാരന് പ്രവാചകത്വം ലഭിച്ചതെന്ന് ഇസ്ലാമിക ചരിത്രം. ജിബ്‌രീല്‍ എന്ന മാലാഖ അള്ളാഹുവിന്റെ ദൂതനായി അദ്ദേഹത്തെ തെരഞ്ഞെടുത്ത കാര്യം ഈ ഗുഹയിലെത്തി അറിയിച്ചതായും ഇസ്ലാമിക ചരിത്രം പറയുന്നു. ഏറെക്കാലത്തിന് ശേഷം മക്കയില്‍ ഇസ്ലാമിന് പ്രചാരം കുറിച്ച ഇടം എന്ന നിലക്ക് ഹിറാ ഗുഹയിലേക്ക് ഇന്നും തീര്‍ഥാടകരെത്തുന്നു. നാല് മുഴം നീളവും 1.75 മുഴം വീതിയുമാണ് ഗുഹക്കുള്ളത്. നല്ല ആരോഗ്യമുള്ളവര്‍ക്ക് പോലും മണിക്കൂറിലേറെ വേണം കുത്തനെയുള്ള ഈ കുന്ന് കയറാന്‍.