അയ്യോ.. വയ്യേ..; ക്ഷീണവും തളർച്ചയുമാണോ എപ്പോഴും? കാരണം ഇതാകാം
രോഗാവസ്ഥയിലാണെന്ന് തോന്നിയാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ല
ഉറക്കമെഴുന്നേറ്റിട്ടും ക്ഷീണം മാറാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, ഒന്ന് കുളിച്ച് ഫ്രഷ് ആയാൽ തീരാവുന്ന പ്രശ്നമേ കാണൂ.. പക്ഷെ, ചിലർക്ക് അങ്ങനെയല്ല. ഒരു ദിവസം മുഴുവൻ ഇതേ ക്ഷീണമറിക്കും ഇവർക്ക്. ദിവസം മുഴുവൻ മടുപ്പോടെയാകും തള്ളിനീക്കുക. ജോലി സമ്മർദ്ദം കൊണ്ടോ മറ്റ് കാരണങ്ങൾ കൊണ്ടോ ആണെന്ന് സംശയം തോന്നാമെങ്കിലും പലപ്പോഴും അങ്ങനെയാകണമെന്നില്ല. ഇങ്ങനെയുള്ള ക്ഷീണവും തളർച്ചയും വെല്ലപ്പോഴുമാണ് തോന്നുന്നതെങ്കിൽ കാര്യമാക്കേണ്ടതില്ല. എന്നാൽ, എല്ലാ ദിവസവും ഇതേ അവസ്ഥ മൂലം കഷ്ടപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരുപക്ഷേ, ഫൈബ്രോമയാൾജിയ എന്ന അവസ്ഥയാകാം.
അധികമാർക്കും സുപരിചിതമല്ലെങ്കിലും ഫൈബ്രോമയാൾജിയ ജനസംഖ്യയുടെ 2-8 ശതമാനം വ്യക്തികളും അനുഭവിക്കുന്നുണ്ട്. ഒരു ഫങ്ഷണൽ സൊമാറ്റിക് സിൻഡ്രോം (functional somatic syndrome) ആണ് ഫൈബ്രോമയാൾജിയ. രോഗാവസ്ഥയിലാണെന്ന് തോന്നിയാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ല. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണിതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ശരീരം മുഴുവൻ അനുഭവപ്പെടുന്ന വേദനയാണ് ഈ അവസ്ഥയുടെ കേന്ദ്രകരണമായി കണക്കാക്കുന്നത്.
ജീവിതശൈലി ഫൈബ്രോമയാൾജിയ ഉണ്ടാകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പുകവലി, അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങിയ ജീവിതശൈലികൾ ഒരു വ്യക്തിയിൽ കാലക്രമേണ ഫൈബ്രോമയാൾജിയ രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇങ്ങനെ സ്ഥിരമായ ക്ഷീണവും തളർച്ചയും നിയന്ത്രിക്കാൻ ജീവിതത്തിൽ തന്നെ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ മതിയാകും.
- കുളി ചൂടുവെള്ളത്തിലാക്കാം
ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഒരു പരിധി വരെ ക്ഷീണം അകറ്റാൻ സഹായിക്കും. അതിരാവിലെയുണ്ടാകുന്ന പിരിമുറുക്കം അകറ്റാനും സമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനുമുള്ള മികച്ച മാർഗമാണിത്.
- വെള്ളംകുടിച്ചോളൂ..
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എട്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് കൂടാതെ ജ്യൂസുകൾ കുടിക്കുന്നതും നല്ലതാണ്.
- ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം
കാബേജ്, തക്കാളി, കാരറ്റ്, ചീര, വെളുത്തുള്ളി, ഉള്ളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ക്ഷീണമകറ്റാൻ സഹായകമാണ്. കൂടാതെ ആപ്പിൾ, മുന്തിരി തുടങ്ങിയ പഴങ്ങൾ കഹ്ഴിക്കുന്നതും സഹായിക്കും.
- പ്രോട്ടീൻ ഉറപ്പാക്കുക
പേശികളുടെ ശക്തിയും കരുത്തും നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീൻ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ദിവസവും 2-4 ടീസ്പൂൺ ഫ്ളാക്സ് സീഡ് പൊടി കഴിക്കാം. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും.
- ആൽക്കഹോൾ, കഫെയ്ൻ എന്നിവ പൂർണമായും ഒഴിവാക്കുക. ഇവ ഉറക്കത്തെ തടസപ്പെടുത്തുമെന്നതിനാലാണിത്.
- പുകവലി ശാരീരികാസ്വസ്ഥതകൾ കൂട്ടുക മാത്രമേ ചെയ്യൂ. ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഈ ശീലം കുറച്ചുകൊണ്ടുവരാണെങ്കിലും ശ്രമിക്കുക.
- എണ്ണപ്പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക.
- ഭക്ഷണത്തിൽ പാലുൽപ്പന്നങ്ങൾ, പരിപ്പ് എന്നിവ ഉൾപ്പെടുത്തുക. ശരീരത്തിലെ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് നിലനിർത്താൻ ഇത് സഹായിക്കും.
- വ്യായാമത്തിന്റെ പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ. ആരോഗ്യകരമായ ജീവിതശൈലിക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമം അത്യാവശ്യമാണ്. ഏതെങ്കിലും ജിമ്മിൽ പോവുകയോ അല്ലെങ്കിൽ ഒരു മണിക്കൂർ യോഗയ്ക്കായി നീക്കിവെക്കുകയോ ചെയ്യാം. നീന്തൽ, നടത്തം എന്നിവ പോലെയുള്ള അമിത സമ്മർദ്ദമില്ലാത്ത വ്യായാമങ്ങളും ഗുണംചെയ്യും.