രണ്ടു വർഷത്തിനിടെ രാജ്യത്ത് യുവാക്കൾക്കിടയിൽ ഹൃദയാഘാതം അടക്കമുള്ള ഗുരുതരരോഗങ്ങൾ വർധിക്കുന്നു-സർവേ

കോവിഡ് ബാധിതരിലാണ് കൂടുതൽ ഗുരുതരരോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്‌സിനെടുത്തവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്

Update: 2022-12-14 10:31 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ഹൃദയാഘാതം അടക്കമുള്ള ഗുരുതരരോഗങ്ങൾ പിടിമുറുക്കുന്നതായി സർവേ റിപ്പോർട്ട്. ഹൃദയാഘാതത്തിനു പുറമെ മസ്തിഷ്‌കാഘാതം, അർബുദം, നാഡീ സംബന്ധമായ സങ്കീർണതകൾ, രക്തം കട്ട പിടിക്കൽ തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടുതലായും കോവിഡ് ബാധിതരിലാണ് ഇത്തരത്തിൽ രോഗങ്ങൾ കാണുന്നതെന്ന് സർവേ സൂചിപ്പിക്കുന്നു. എന്നാൽ, വാക്‌സിനെടുത്തവരിലും അല്ലാത്തവരിലും ഇതേ പ്രവണത കണ്ടെത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ സർവേ പ്ലാറ്റ്‌ഫോമായ 'ലോക്കൽ സർക്കിൾസ്' നടത്തിയ സർവേയിലാണ് രാജ്യത്തെ ആരോഗ്യരംഗത്ത് ഭീഷണിയാകുന്ന കണ്ടെത്തലുകളുള്ളത്. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരുടെയും അടുത്ത ബന്ധങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഹൃദയാഘാതം, മസ്തിഷ്‌കാഘാതം അടക്കമുള്ള ഗുരുതര രോഗങ്ങളും പെട്ടെന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളും ബാധിച്ചവർ ഒന്നിലധികം പേരുണ്ട്. ഒരു വർഷത്തനിടെ മാത്രം 31 ശതമാനത്തിൽനിന്ന് 51 ശതമാനമായാണ് ഈ കണക്ക് കുത്തനെ ഉയർന്നത്.

ഇത്തരം ഗുരുതരോഗങ്ങൾ നേരിടുന്നവരിൽ 62 ശതമാനം പേരും ഡബിൾ ഡോസ് വാക്‌സിനെടുത്തവരാണെന്നും സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 11 ശതമാനം പേർ ഒറ്റ ഡോസ് വാക്‌സിനെടുത്തവരുമാണ്. തീരേ വാക്‌സിനെടുക്കാത്ത എട്ടു ശതമാനം പേരുമുണ്ട്. ഇത്തരം രോഗങ്ങളുള്ളവരിൽ 61 ശതമാനം പേരും ചുരുങ്ങിയത് ഒരിക്കലെങ്കിലും കോവിഡ് ബാധിച്ചവരാണ്. 28 ശതമാം പേർ തീരേ കോവിഡ് വരാത്തവരുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകവ്യാപകമായി 20 കോടിയിലേറെ പേർ കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾക്കിരയാണെന്ന് ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, ഓർമപ്രശ്‌നങ്ങൾ, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ, ക്ഷീണം, സന്ധിവേദന അടക്കമുള്ള രോഗങ്ങളാണ് കണ്ടുവരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 357 ജില്ലകളിലാണ് ലോക്കൽ സർക്കിൾസ് സർവേ നടത്തിയത്. 32,000ത്തിലേറെ പേർ സർവേയുടെ ഭാഗമായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലുള്ള ഈ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാർ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ലോക്കർ സർക്കിൾസ് സ്ഥാപകൻ സച്ചിൻ തപാരിയ ആവശ്യപ്പെട്ടു. കോവിഡ് ബാധിതരുടെയും അസുഖബാധിതകരുടെയും കണക്കെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. തുടർനടപടികൾക്കും മുൻകരുതലുകളെടുക്കാനും ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Cases of heart attacks and strokes among healthy, young and middle-aged Indians are becoming prevalent in the last two years, a survey by LocalCircles reveals

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News