തയാറാക്കുന്നത് അപകടകരമായ രാസപദാർഥങ്ങൾ ഉപയോഗിച്ച്; പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക
റോഡമൈൻ-ബി, ടാർട്രാസൈൻ ഉൾപ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്
ബെംഗളൂരു: പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഭക്ഷ്യവസ്തുക്കളിൽ നിറംകൂട്ടാൻ ഉപയോഗിക്കുന്ന റോഡമൈൻ-ബി ഉൾപ്പെടെയുള്ള അപകടകരമായ രാസപദാർഥങ്ങൾ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണു നടപടി. റോഡമൈൻ ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തമിഴ്‌നാടിനു പിന്നാലെ കർണാടകയും പഞ്ഞിമിഠായി ഉൽപാദനത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടിയുമായി സ്വീകരിച്ചിരിക്കുന്നത്.
കർണാടക ആരോഗ്യ മന്ത്രി ഗുണ്ടുറാവുവാണ് ഭക്ഷ്യവസ്തുക്കൾ നിരോധിച്ച് ഉത്തരവിറക്കിയത്. പഞ്ഞിമിഠായിയിലും ഗോബി മഞ്ചൂരിയനിലും അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ശേഖരിച്ച 171 സാംപിളുകളിൽ നടത്തിയ പരിശോധനയിലാണു കണ്ടെത്തൽ. ഇവയിൽ അപായകരമായ കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായതായും മന്ത്രി പറയുന്നു.
റോഡമൈൻ-ബി, ടാർട്രാസൈൻ ഉൾപ്പെടെയുള്ള രാസവസ്തുക്കളാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഇതെല്ലാം ആരോഗ്യത്തിന് ഹാനികരവുമാണ്. ഭക്ഷണത്തിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗുണ്ടുറാവു മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന ഹോട്ടൽ ഉടമകളുടെ ലൈസൻസ് റദ്ദാക്കും. ഏഴു വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യവസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ആശങ്കാജനകമാണെന്നും സുരക്ഷിതമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി ഗുണ്ടുറാവു ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് തമിഴ്‌നാട് പഞ്ഞിമിഠായി നിരോധിച്ച് ഉത്തരവിറക്കിയത്. ഈ മാസം ആദ്യത്തിൽ ഗോവയിലെ മപ്പുസ മുനിസിപ്പൽ കോർപറേഷൻ ഗോബി മഞ്ചൂരിക്കും നിരോധനമേർപ്പെടുത്തിയിരുന്നു.
Summary: Karnataka bans sale of cotton candy and gobi manchurian