വരുന്നു, പല്ലു 'മുളപ്പിക്കും' മരുന്ന്; നിർണായക പരീക്ഷണത്തിനൊരുങ്ങി ജാപ്പനീസ് ദന്തഗവേഷകർ
മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ച മരുന്നുകള്‍ ഏതാനും മാസങ്ങള്‍ക്കകം മനുഷ്യരിലും പരീക്ഷിക്കാനിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം ദന്തഗവേഷകര്‍
ന്യൂയോര്‍ക്ക്: 'ഇനി ആത്മവിശ്വാസത്തോടെ ചിരിക്കൂ.., 'ചിരിക്കൂ, മനം നിറഞ്ഞ്..' ദന്താശുപത്രികളുടെയും ടൂത്ത്‌പേസ്റ്റ് കമ്പനികളുടെയും ക്ലീഷേ പരസ്യവാചകങ്ങളാണിവ. ചിരിയും ആത്മവിശ്വാസവും തമ്മിലെന്ത്? ആത്മവിശ്വാസവും പല്ലും തമ്മിലെന്ത്? ചിരിയും ടൂത്ത് പേസ്റ്റും തമ്മിലെന്ത്?
പല്ലും ചിരിയും ആത്മവിശ്വാസവും ടൂത്ത്‌പേസ്റ്റും ടൂത്ത് ബ്രഷുമെല്ലാം തമ്മില്‍ എന്തൊക്കെയോ ഉണ്ടെന്ന് ആളുകള്‍ ധരിച്ചുവച്ചിരിക്കുന്നതുകൊണ്ടു തന്നെയാകുമല്ലോ ഇങ്ങനെയൊരു പരസ്യവാചകം എല്ലായിടത്തും ആവര്‍ത്തിക്കപ്പെടാന്‍ കാരണം. പൊട്ടി ദ്രവിച്ച, തേയ്മാനം വന്ന, നിറംമങ്ങി മഞ്ഞയായ പല്ല് ആളുകളെ അലട്ടുന്ന പ്രശ്‌നം തന്നെയാണ്. അപ്പോള്‍ പിന്നെ പല്ലില്ലാത്തവരുടെ സ്ഥിതിയോ? ഒന്ന് മനസ്സുതുറന്ന്, ആത്മവിശ്വാസത്തോടെ മുന്നിലുള്ളവനോട് ചിരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ എങ്ങനെ എന്നാകും അവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.
അത്തരം സങ്കടങ്ങളുമായി നടക്കുന്നവര്‍ക്കുള്ളൊരു സന്തോഷവാര്‍ത്തയാണിപ്പോള്‍ ജപ്പാനില്‍നിന്നു പുറത്തുവരുന്നത്. പ്രായം ഒരു ഘട്ടം കഴിഞ്ഞാല്‍ പല്ലിന്റെ വളര്‍ച്ച നില്‍ക്കുമെന്നും വെപ്പുപല്ല് വെച്ചുനടക്കേണ്ടിവരുമെന്നുമുള്ള ചിന്ത വേണ്ടെന്നാണ് ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ദന്തരോഗ വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. പല്ലുകള്‍ വീണ്ടും മുളപ്പിക്കാന്‍ കഴിയുന്ന മരുന്ന് അവതരിപ്പിക്കാനിരിക്കുകയാണ് ആശുപത്രിയിലെ ഗവേഷകരെന്ന് ശാസ്ത്ര-സാങ്കേതിക വാര്‍ത്താ പോര്‍ട്ടലായ 'ന്യൂ അറ്റ്‌ലസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗങ്ങളില്‍ പരീക്ഷിച്ച മരുന്ന് ഏതാനും മാസങ്ങള്‍ക്കകം മനുഷ്യരിലും പരീക്ഷിക്കാനിരിക്കുകയാണ്. ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രി തന്നെയാണ് ഈ പരീക്ഷണത്തിനും വേദിയാകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ 2025 ആഗസ്റ്റ് വരെ പരീക്ഷണം നടക്കും. 30നും 64നും ഇടയില്‍ പ്രായമുള്ള ഒരു അണപ്പല്ലെങ്കിലും നഷ്ടപ്പെട്ടവര്‍ക്കിടയിലാണു പരീക്ഷണം നടക്കുന്നത്. ആദ്യഘട്ടത്തില്‍ 30 പുരുഷന്മാര്‍ക്കായിരിക്കും ചികിത്സ നടത്തുക.
എലികളിലും കീരികളിലുമാണ് ഈ മരുന്നുകള്‍ പരീക്ഷിച്ചു വിജയം കണ്ടിരിക്കുന്നത്. മരുന്നിനു പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി ഇത് മനുഷ്യരില്‍ എത്രകണ്ടു ഫലപ്രദമാകുമെന്നാണ് അറിയാനുള്ളത്. ഞരമ്പുകളിലൂടെയുള്ള ദന്തചികിത്സയാണ് ആശുപത്രി ഗവേഷകര്‍ നടത്താനിരിക്കുന്നത്.
പല്ലു നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനാണ് ഇത്തരമൊരു ദൗത്യത്തിനിറങ്ങിയതെന്നാണ് ഒസാകയിലെ കിറ്റാനോ ഹോസ്പിറ്റലിലെ ദന്തചികിത്സ-ദന്തശസ്ത്രക്രിയ വിഭാഗം മേധാവിയും ഗവേഷക സംഘത്തിന്റെ തലവനുമായ കാറ്റ്‌സു ടകാഹാഷി പറഞ്ഞത്. 2005 തൊട്ട് ഈ ഗവേഷണത്തിനു പിന്നാലെയാണ് അദ്ദേഹം പല്ല് നഷ്ടപ്പെട്ടാല്‍ അതു തിരിച്ചെടുക്കാനായി ഇതുവരെയും ഒരു ചികിത്സയും നിലവിലില്ല. അതുകൊണ്ട് ഇത്തരമൊരു മരുന്നിനെ ഏറെ പ്രതീക്ഷയോടെയായിരിക്കും ആളുകള്‍ നോക്കിക്കാണുന്നതെന്നും ടകാഹാഷി അഭിപ്രായപ്പെട്ടു.
30-64 പ്രായക്കാര്‍ക്കിടയിലെ ആദ്യഘട്ട ചികിത്സ വിജയം കണ്ടാല്‍ അടുത്ത ഘട്ടം കുഞ്ഞുങ്ങളിലായിരിക്കുമെന്നാണ് അറ്റ്‌ലസ് റിപ്പോര്‍ട്ട് പറയുന്നത്. ജന്മനാ പോകഷാഹാരക്കുറവുമൂലം പല്ല് നഷ്ടപ്പെട്ട രണ്ടിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലായിരിക്കും മരുന്ന് പരീക്ഷിക്കുക. ലോകത്ത് ഒരു ശതമാനം മനുഷ്യരെ മാത്രം ബാധിക്കുന്ന രോഗമാണിത്. ഇതിലും ഫലം വിജയകരമാണെങ്കില്‍ ഭാഗികമായി പല്ലില്ലാത്തവരിലായിരിക്കും അടുത്ത ഘട്ടം. ഇതും വിജയിച്ചാല്‍ 2030ഓടെ വാണിജ്യാടിസ്ഥാനത്തില്‍ മരുന്ന് നിര്‍മിച്ചു വിപണിയില്‍ ലഭ്യമാക്കാനാണു ഗവേഷകസംഘം ലക്ഷ്യമിടുന്നത്.
പല്ലിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഗര്‍ഭാശയ സംവേദനശേഷിയുമായി ബന്ധപ്പെട്ട ജീന്‍-1 പ്രോട്ടീനെ(യുസാഗ്-1) നിര്‍ജീവമാക്കുകയാണ് മരുന്ന് ചെയ്യുന്നത്. ഇതിനെ തടഞ്ഞാല്‍ പുതിയ എല്ല് വളര്‍ച്ചയ്ക്കിടയാക്കുന്ന തരത്തില്‍ ബോണ്‍ മോര്‍ഫോജെനറ്റിക് പ്രോട്ടീന്(ബി.എം.പി) ഉത്തേജനമാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Summary: World-first tooth-regrowing drug will be given to humans in September