മരണത്തെ നേരിൽ കണ്ടാലോ? മരണം അനുഭവിക്കാനൊരു ഹെഡ്സെറ്റ് ...
വെർച്വൽ റിയാലിറ്റി ഉപയോഗിച്ചാണ് ഒരാള്‍ക്ക് സ്വന്തം മരണം അനുഭവിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്
മനുഷ്യന് മറ്റൊരാളോട് വിവരിക്കാൻ കഴിയാത്ത അനുഭവമാണ് മരണം. സ്വന്തം മരണ സമയത്ത് എന്താണ് സംഭവിക്കുക എന്നനുഭവിച്ച് അറിയാൻ അവസരമൊരുക്കുകയാണ് ആസ്ട്രേലിയൻ ആർട്ടിസ്റ്റ് ഷോൺ ഗ്ലാഡ്‍വെൽ. വെർച്വൽ റിയാലിറ്റി ഉപയോഗിച്ചാണ് ഒരാള്‍ക്ക് സ്വന്തം മരണം അനുഭവിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്നാണ് പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസിന്‍റെ സംഘാടകർ വ്യക്തമാക്കുന്നത്.
എന്താണ് പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്
മരണാനുഭവങ്ങള്‍ അറിയാനായി എത്തുന്നൊരാള്‍ക്ക് മറക്കാനാകാത്ത അനുഭവമാണ് മെൽബണിലെ നാഷണൽ ഗ്യാലറി ഓഫ് വിക്ടോറിയയിൽ സംഘടിപ്പിച്ചിരിക്കുന്ന 'പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്' എന്ന പരിപാടി. ശരീരത്തിൽ ജീവനറ്റുപോകുന്ന അനുഭവം വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ സ്യഷ്ടിക്കുകയാണിവിടെ ചെയ്യുന്നത്. ഹ്യദയസ്തംഭനം മുതൽ മസ്തിഷ്ക മരണം വരെയുള്ള മരണാനുഭവങ്ങളാണ് ഇവിടെ നൽകുന്നത്. സ്വന്തം ശരീരത്തിൽ നിന്ന് വെർച്വലായി പുറത്തുകടന്ന് മുകളിലുടെ ഒഴുകി സ്വന്തം മൃതശരീരത്തെ പുറത്ത് നിന്ന് കാണാൻ സാധിക്കും. മരണത്തെക്കുറിച്ച് അറിയേണ്ടവർക്ക് മരണത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു ആശയം രൂപപ്പെട്ടത്. ഇതിനായി എക്സ്റ്റൻഡഡ് റിയാലിറ്റി സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.
മരണത്തിൽ നിന്ന് തിരിച്ച് വന്നവരുടെ മരണാനുഭവം ഇങ്ങനെ....
ഒരു ഇരുണ്ട തുരങ്കത്തിന്‍റെ അറ്റത്ത് പ്രകാശം കണ്ടു. തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടു. ചിലറുടെ അലർച്ചകള്‍ കേട്ടു എന്നാണ് മരണത്തിൽ നിന്ന് തിരിച്ച് വന്നുവെന്ന് അവകാശപ്പെടുന്നവർ പറയുന്നത്.
എന്താണ് എക്സ്.ആർ ?
വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി, മിക്സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാണ് എക്സ്.ആർ സാങ്കേതിക വിദ്യ പ്രവർത്തിപ്പിക്കുന്നത്. കാഴ്ച, കേള്‍വി, സ്പർശനം തുടങ്ങിയ അനൂഭൂതികളെ അനുഭവിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.പാസിങ് ഇലക്ട്രിക്കൽ സ്റ്റോംസിൽ എത്തുന്നവർ ആശുപത്രി കിടക്കയോട് സമാനമായ കിടക്കയിൽ എക്സ്.ആർ ഹെഡ്സെറ്റ് ധരിച്ച് കിടക്കണം. ഈ കിടപ്പിൽ മരണത്തെ അവർക്ക് നേരിട്ട് കാണിച്ചു നൽകാനാകും എന്നാണ് ഷോയുടെ സംഘാടകർ പറയുന്നത്.
ക്രൂം എന്ന ടിക്ടോക്കർ തന്‍റെ അനുഭവം പങ്കുവെച്ചതിങ്ങനെ...
'താൻ ഒരു ബെഡിൽ അനങ്ങാതെ കിടന്നപ്പോള്‍ പെട്ടന്ന് ബെഡ് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഡോക്ടർമാർ തന്നെ തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നത് കണ്ടു. ഈ അനുഭവങ്ങള്‍ ചിലരിൽ ഭയം ഉണ്ടാക്കിയേക്കാം, അതിനാൽ തന്നെ അങ്ങനെയുള്ളവർക്ക് എപ്പോള്‍ വേണമെങ്കിലും ഇതിൽ നിന്ന് പുറത്തുവരാം' എന്നും ക്രൂ പറഞ്ഞു.