''ഞാനെന്റെ കുടുംബത്തിൽ ദീപാവലി ആഘോഷിക്കാനെത്തി''; പ്രധാനമന്ത്രി ജമ്മുകശ്മീർ ആർമി പോസ്റ്റിൽ

2014 ൽ പ്രധാനമന്ത്രിയായി സിയാച്ചിനിലെ ട്രൂപ്പിനെ സന്ദർശിച്ചത് മുതൽ ദീപാവലി ദിനങ്ങളിൽ പ്രധാനമന്ത്രി അതിർത്തികളിലെ ട്രൂപ്പുകളിലെത്താറുണ്ട്

Update: 2021-11-04 12:38 GMT
Advertising

ഞാനെന്റെ കുടുംബത്തിൽ ദീപാവലി ആഘോഷിക്കാനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിർ നൗഷേറ സെക്ടറിൽ അതിർത്തി ജില്ലയായ രജൗരിയിലെ ആർമി പോസ്റ്റിൽ ദീപാവലി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രി പട്ടാളക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. മാറുന്ന യുദ്ധരീതികൾക്കും ലോകത്തിനും അനുസരിച്ച് ഇന്ത്യ അതിർത്തിയിലെ സൈനികശേഷി വർധിപ്പിക്കണമെന്നും അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്ക് മുതൽ അരുണാചൽ വരെയും ജയ്‌സാൽമീർ മുതൽ ആൻഡമാൻ നിക്കോബാർ വരെയും കണക്ടിവിറ്റിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ കണക്ടിവിറ്റിയില്ലാതിരുന്ന അതിർത്തികളിലും തീരദേശങ്ങളിലും ഇപ്പോൾ റോഡുകൾ, ഒപ്റ്റികൽ ഫൈബർ എന്നിവയുണ്ടെന്നും ഇവ സൈനിക നീക്കങ്ങൾ എളുപ്പമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ രംഗത്ത് മുമ്പ് സർക്കാറുകൾ ഇറക്കുമതിയെ ആശ്രയിച്ചപ്പോൾ ഇപ്പോൾ സ്വയംപര്യാപ്തതയുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

സർജിക്കൽ സ്‌ട്രൈക്കിൽ പങ്കുവഹിച്ച സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2016 സെപ്തംബർ 29 നായിരുന്നു ലൈൻ ഓഫ് കൺട്രോൾ മറികടന്ന് പാകിസ്ഥാനിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നത്. ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ നടന്ന തീവ്രവാദി ആക്രമണത്തിന് പകരമായിരുന്നു ഈ നടപടി. സർജിക്കൽ സ്‌ട്രൈക്കിന് ശേഷവും തീവ്രവാദം വ്യാപിപ്പിക്കാൻ നീക്കങ്ങളുണ്ടായെന്നും എന്നാൽ അവർക്ക് നേരത്തെ തന്നെ ഉചിത മറുപടി നൽകപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ൽ പ്രധാനമന്ത്രിയായി സിയാച്ചിനിലെ ട്രൂപ്പിനെ സന്ദർശിച്ചത് മുതൽ ദീപാവലി ദിനങ്ങളിൽ പ്രധാനമന്ത്രി അതിർത്തികളിലെ ട്രൂപ്പുകളിലെത്താറുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News