‘പേപ്പട്ടി കടിച്ച അവസ്ഥ’; അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അമിത് ഷാക്കെതിരെ പ്രിയങ്ക് ഖാർഗെ
‘അംബേദ്കറിന്റെ നാമം ഉരുവിട്ടാൽ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വവും ആത്മാഭിമാനമുള്ള ജീവിതവും ലഭിക്കും’
കർണാടക: അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ. അംബേദ്കറിന്റെയും ബസവ തത്വശാസ്ത്രത്തിന്റെയും വളർച്ച ആർ.എസ്.എസിനെ ദുർബലമാക്കുമെന്ന ഭയമാണ് അമിത് ഷാക്ക്. പേപ്പട്ടി കടിച്ച അവസ്ഥയാണ് അദ്ദേഹത്തിനെന്നും പ്രിയങ്ക് ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏഴ് ജന്മത്തിലും ദൈവത്തിന്റെ നാമം ഉരുവിടുന്നതിലൂടെ സ്വർഗത്തിൽ ഇടം കിട്ടുമോ എന്നെനിക്കറിയില്ല. എന്നാൽ അംബേദ്കറിന്റെ നാമം ഉരുവിട്ടാൽ ഈ ജന്മത്ത് നമുക്ക് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സമത്വവും ആത്മാഭിമാനവുമുള്ള ജീവിതവും ലഭിക്കും. അംബേദ്കറും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അമിത് ഷാക്ക് ഉൾക്കൊള്ളാൻ കഴിയാത്തവയാണെന്നും പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു.
അംബേദ്കറുടെ പേര് പറയുന്നത് ഫാഷനായെന്നും അംബേദ്കറിനു പകരം ദൈവത്തിന്റെ നാമം ഉരുവിട്ടിരുന്നെങ്കിൽ സ്വർഗം ലഭിക്കുമെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിനു മുമ്പിൽ അരങ്ങേറിയത്.
അതേസമയം, തന്റെ പരാമർശം കോൺഗ്രസ് വളച്ചൊടിച്ചുവെന്നാണ് അമിത് ഷാ പറയുന്നത്. പ്രസ്താവനകളെ തെറ്റായി ചിത്രീകരിക്കുന്നത് കോൺഗ്രസ് തങ്ങളുടെ പ്രധാന തന്ത്രമായി ഉപയോഗിക്കുകയാണെന്നും അംബേദ്കർ വിരുദ്ധരും സംവരണത്തെ എതിർക്കുന്നവരുമാണ് കോൺഗ്രസുകാരെന്നും അമിത് ആരോപിച്ചു.