കത്തിക്കരിഞ്ഞ ശരീരം, ഭാര്യയെ തിരിച്ചറിഞ്ഞത് വിരലിലെ മോതിരം കണ്ട്; ജയ്‌പൂർ ഗ്യാസ് ടാങ്കര്‍ അപകടത്തിലെ നൊമ്പരക്കാഴ്‌ചകൾ

ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

Update: 2024-12-21 11:45 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: കൻഹൈലാൽ മീണ ഭാര്യയുടെ പേരുതേടി ആശുപത്രിയിലുണ്ടായിരുന്ന ഫയലുകളെല്ലാം പരതി. ഒന്നിലും അവരുടെ പേരില്ല, ആശ്വാസമെങ്കിലും വീണ്ടും സംശയം വിട്ടുമാറാതെ മോർച്ചറി പരിസരത്തേക്ക് നീങ്ങി...

ജയ്‌പൂർ - അജ്‌മേര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ നെഞ്ചുലക്കുന്നതാണ്. കാണാൻ പോലും കഴിയാത്ത വിധം ഉറ്റവരെ തീ വിഴുങ്ങിയിരുന്നു. രാജസ്ഥാൻ പൊലീസിലെ കോൺസ്റ്റബിളാണ് കൻഹൈലാലിന്റെ ഭാര്യ അനിതാ മീണ. വെള്ളിയാഴ്‌ച ബസ് സ്റ്റോപ്പിൽ യാത്രയാക്കാൻ പോയപ്പോൾ മര്യാദക്ക് യാത്രപറയാൻ പോലും കഴിഞ്ഞിരുന്നില്ല അദ്ദേഹത്തിന്. 

ജയ്‌പൂരിൽ പെട്രോൾ പമ്പിനു സമീപം എൽപിജി കയറ്റിയ ടാങ്കറുമായി രാസവസ്‌തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മരിച്ച 14 പേരുടെ കൂട്ടത്തിൽ അനിതയും ഉണ്ടായിരുന്നു. ചെയിൻപുരയിൽ ആർഎസിയുടെ (രാജസ്ഥാൻ ആംഡ് കോൺസ്റ്റബുലറി) നാലാം ബറ്റാലിയനൊപ്പം നിയമിതയായ അനിത രാവിലെ ഡുഡുവിൽ നിന്ന് ജയ്‌പൂരിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്നു. 

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവർ. പുലർച്ചെ മൂന്ന് മണിക്കാണ് ബസിൽ കയറിയത്. ഭാൻക്രോട്ട മേഖലയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതും അനിത സഞ്ചരിച്ച സ്ലീപ്പർ ബസിന് തീപിടിച്ച് ആ യാത്ര എന്നെന്നേക്കുമായി അവസാനിച്ചതും. ബസിൽ ഉണ്ടായിരിക്കുന്ന പരിക്കേറ്റവരെയും മരിച്ചവരെയും സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വാർത്ത കണ്ടയുടൻ തന്നെ പാഞ്ഞെത്തിയതാണ് കൻഹൈലാൽ ആശുപത്രിയിലേക്ക്. എന്നാൽ, എഴുതിവെച്ച മരണപ്പെട്ടവരുടെ ലിസ്റ്റിലും പരിക്കേറ്റവരുടെ പേരുകൾക്കിടയിലും അനിത ഉണ്ടായിരുന്നില്ല. 

എങ്കിലും, സംശയം ബാക്കിവെക്കേണ്ട എന്ന ആശുപത്രി ജീവനക്കാരുടെ വാക്കിൽ നേരെ മോർച്ചറിയിലേക്ക് പോയി. അവിടെ കണ്ട കാഴ്‌ച അയാളുടെ മനസിനെ മരവിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഈ ശരീരങ്ങളിൽ ഒന്നിന്റെ കാൽവിരലുകളിൽ അണിഞ്ഞ മോതിരം കൻഹൈലാലിന്റെ സംശയങ്ങളുടെയെല്ലാം അവസാനമായിരുന്നു. ഭാര്യയെ അയാൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. രണ്ട് ചെറിയ മക്കളെ ഇനി എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന ചിന്തയായിരുന്നു പിന്നീട് അയാളെ അലട്ടിയത്..

അപകടത്തിന്റെ നടക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. പ്രദേശത്തെ കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീപടർന്നത് നിമിഷങ്ങൾക്കകമാണ്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാധേശ്യാം ചൗധരി എന്നയാളുടെ ശരീരത്തിലേക്ക് തീപടർന്നതും സഹായം തേടി 600 മീറ്ററോളം ദൂരം അയാൾ അലറിവിളിച്ചോടുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. കാലിലും തീപടർന്നതോടെ നിസ്സഹായനായി അയാൾ റോഡിൽ വീഴുകയായിരുന്നു. ജയ്പൂരിലെ നാഷണൽ ബെയറിംഗ്‌സ്‌ കമ്പനി ലിമിറ്റഡിലെ മോട്ടോർ മെക്കാനിക്കായിരുന്നു ഈ 32കാരൻ.

സംഭവത്തിൽ 45ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30ലധികം വാഹനങ്ങള്‍ക്ക് തീപിടിച്ചു. ബസും ട്രക്കും കാറും ഇരുചക്ര വാഹനങ്ങളും അടക്കമുള്ളവ പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങി ആരെങ്കിലും വെന്ത് മരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിവരികയാണ് പൊലീസ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News