ബി.ജെ.പി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ മറ്റ് പാർട്ടികൾ വിട്ടുവന്നവർ

പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യം​വെച്ച് വന്ന​വരെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്

Update: 2024-04-05 12:09 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ മറ്റ് പാർട്ടികൾ വിട്ടുവന്നവരെന്ന് കണക്കുകൾ. ഇത്തരത്തിൽ ​കൂറുമാറിയെത്തിയവരിലേറെയും കോൺഗ്രസിൽ നിന്നാണ്. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പറ്റി ‘ദ പ്രിന്റ്’ തയാറാക്കിയ വിശകലന റിപ്പോർട്ടിലാണ് കൂറുമാറിയെത്തിയവരെ സ്ഥാനാർഥികളാക്കിയതിന്റ കണക്കുകൾ ഉള്ളത്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വേരുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതര പാർട്ടികളിൽ നിന്നുള്ളവ​രെ ബി.ജെ.പിയി​ലെത്തിച്ചതിന് പിന്നിൽ. എന്നാൽ പാർട്ടി പ്രവർത്തകരെ ഒഴിവാക്കി സീറ്റും നേട്ടവും മാത്രം ലക്ഷ്യം​വെച്ച് വന്ന​വരെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. 

ബി.ജെ.പി വിവിധ ഘട്ടങ്ങളിലായി 417 സ്ഥാനാർഥികളുടെ പട്ടികയാണ് ഇതുവരെ പുറത്തിറക്കിയത്. അതിൽ 116 പേർ അതായത് 28 ശതമാനം പേരും മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയവരാണ്. 2014ൽ നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷമാണ് ഇവരിൽ ഭൂരിഭാഗം പേരും ബി.ജെ.പിയിൽ ചേർന്നത്.

116 ​പേരിൽ ഏറ്റവും കൂടുതൽ പേർ വന്നത് കോൺഗ്രസിൽ നിന്നാണ്. 37 പേരാണ് കോൺഗ്രസിൽ നിന്നുള്ളത്.ബി.ആർ.എസിൽ നിന്ന് ഒമ്പത്, ബി.എസ്.പിയിൽ നിന്ന് എട്ട്, ടി.എം.സിയിൽ നിന്ന് 7, ബി.ജെ.ഡി, എൻ.സി.പി,എസ്.പി എന്നിവിടങ്ങളിൽ നിന്ന് ആറ് വീതവും, എ.ഐ.എ.ഡി.എം.കെ യിൽ നിന്ന് നാല് പേരുമാണ് ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചത്.

തമിഴ്‌നാട് (11), തെലങ്കാന (12), ഒഡീഷ (8) എന്നീ സംസ്ഥാനങ്ങളിലെ 61 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. അതിൽ 31 സീറ്റുകളും നൽകിയിരിക്കുന്നത് മറ്റു പാർട്ടികൾ വിട്ട് വന്നവർക്കാണ്. ആന്ധ്രാപ്രദേശിൽ ആറ് സ്ഥാനാർത്ഥികളിൽ അഞ്ച് സീറ്റും പാർട്ടിക്ക് പുറത്ത് നിന്നുള്ളവർക്കാണ് നൽകിയിരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ പോലും പാർട്ടി നേതാക്കളെ തഴഞ്ഞാണ് ബി.ജെ.പി സീറ്റ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിൽ പ്രഖ്യാപിച്ച 64 സ്ഥാനാർത്ഥികളിൽ 20 പേരും മറ്റുള്ള പ്രാദേശിക പാർട്ടികളിൽ നിന്നുള്ളവരാണ്. ഈ 20 സ്ഥാനാർത്ഥികളിൽ 7 പേർ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിലേക്ക് വന്നവരാണ്.

ഹരിയാനയിലാണെങ്കിൽ 10 സ്ഥാനാർത്ഥികളിൽ ആറ് പേരും കൂറുമാറിയവരാണ്. മിക്കവരും കോൺഗ്രസിലുണ്ടായിരുന്നവരാണ്. മഹാരാഷ്ട്രയിൽ പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളിൽ ഏഴും ജാർഖണ്ഡിലെ 14 സ്ഥാനാർത്ഥികളിൽ 6 പേരും പുറത്ത് നിന്നുള്ളവരാണ്.

എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ ബി.ജെ.പിയിൽ ചേർന്നത് എന്ന ചോദ്യത്തിന് ‘തനിക്ക് എവിടെ നിന്നാണ് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്നാണ് ഓരോ രാഷ്ട്രിയ പ്രവർത്തകനും ആലോചിക്കുന്നതെന്നായിരുന്നു പാർട്ടി വക്താവായ ആർ.പി സിംഗ് നൽകിയ മറുപടി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News