ഒന്നര വര്‍ഷത്തിനകം 10 ലക്ഷം തൊഴില്‍; വിവിധ വകുപ്പുകള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം

സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് നിർദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Update: 2022-06-14 08:06 GMT
Advertising

ഡല്‍ഹി: അടുത്ത ഒന്നര വര്‍ഷത്തിനിടെ സര്‍ക്കാര്‍ മേഖലയില്‍ 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. വിവിധ സർക്കാർ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കുമാണ് മോദി നിര്‍ദേശം നല്‍കിയത്. സർക്കാർ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷി അവലോകനം ചെയ്തതിന് പിന്നാലെയാണ് നിർദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തൊഴിലില്ലായ്മ സംബന്ധിച്ച് പ്രതിപക്ഷം നിരന്തരം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നീക്കം. സർക്കാർ മേഖലയില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വസ്തുത കൂടി പരിഗണിച്ചാണ് നിയമനത്തിന് നിര്‍ദേശം നല്‍കിയത്.

പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി എം.പി വരുൺ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു- "പ്രധാനമന്ത്രി, തൊഴിലില്ലാത്ത യുവാക്കളുടെ വേദനയും വികാരങ്ങളും മനസ്സിലാക്കിയതിന് നന്ദി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഒരു കോടിയിലധികം അനുവദിക്കപ്പെട്ടതും എന്നാൽ ഒഴിഞ്ഞുകിടക്കുന്നതുമായ തസ്തികകൾ നികത്താൻ ശ്രമം നടത്തേണ്ടതുണ്ട്. ഓരോ വർഷവും 2 കോടി തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം നിറവേറ്റാന്‍ വേഗത്തിൽ നടപടികൾ കൈക്കൊള്ളേണ്ടി വരും".

കുറച്ചുകാലമായി സ്വന്തം പാർട്ടിയെയും സർക്കാരിനെയും വരുൺ ഗാന്ധി പരസ്യമായി വിമര്‍ശിക്കാറുണ്ട്. തൊഴിലില്ലായ്മയാണ് വരുണ്‍ ഗാന്ധി പ്രധാനമായും ചൂണ്ടിക്കാട്ടാറുള്ളത്.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News