പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു, തട്ടിക്കൊണ്ടുപോയി; ജമ്മു കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്
ഇവർക്കെതിരെ വധശ്രമം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോവൽ, കവർച്ച അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ മൂന്ന് ലെഫ്റ്റനന്റ് കേണൽമാർ ഉൾപ്പെടെ 16 സൈനികർക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസ്. ചൊവ്വാഴ്‌ച രാത്രി കുപ്‌വാര ജില്ലയിലെ പൊലീസ് സ്റ്റേഷനാണ് സൈനികർ ആക്രമിച്ചതും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ചെയ്തത്.
സൈനികർ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുകയറുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ കുപ്‌വാര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഉദ്യോഗസ്ഥർ ഒരു കേസിൻ്റെ അന്വേഷണത്തിനിടെ ബടാപോറ ഗ്രാമത്തിലെ ടെറിട്ടോറിയൽ ആർമി ജവാൻ്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതാണ് സൈനികരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സൈനിക സംഘം നിരവധി പൊലീസുകാരെ റൈഫിളും വടികളും ഉപയോഗിച്ച് മർദിക്കുകയും ഒരു പൊലീസുകാരനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. ആക്രമണത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരിൽ കോൺസ്റ്റബിൾമാരായ സലീം മുഷ്താഖ്, സഹൂർ അഹ്മദ്, സെപ്ഷ്യൽ പൊലീസ് ഓഫീസർമാരായ ഇംതിയാസ് അഹ്മദ് മാലിക്, റയീസ് ഖാൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ഷേർ-എ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു.
ആർമി ലഫ്. കേണൽമാരായ അൻകിത് സൂദ്, രാജു ചൗഹാൻ, നിഖിൽ എന്നിവരുൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരുടെ പേരാണ് ആക്രമണവുമായി ബന്ധപ്പെട്ട എഫ്ഐആറിലുള്ളത്. ഇവർക്കെതിരെ വധശ്രമം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോവൽ, കവർച്ച അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐപിസി 186, 332, 307, 342, 147, 149, 392, 397, 365 ആയുധ നിയമത്തിലെ 7/5 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആക്രമണത്തെക്കുറിച്ച് വിവരമറിയിച്ചതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഘവും സ്റ്റേഷനിൽ എത്തിയെന്നും ഇവരെ കണ്ടതോടെ സൈനിക സംഘം ആയുധങ്ങൾ കാട്ടി എസ്എച്ച്ഒ മുഹമ്മദ് ഇസ്ഹാഖുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്നും എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഇവിടെനിന്ന് സ്ഥലംവിടുന്നതിനിടെ ഹെഡ് കോൺസ്റ്റബിൾ ഗുലാം റസൂലിനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
എന്നാൽ, തങ്ങളുടെ ആളുകൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് സൈന്യം നിഷേധിച്ചു. പൊലീസും പട്ടാളക്കാരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും സൈനികർ പൊലീസുകാരെ മർദിച്ചെന്നുമുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധസേനാ വക്താവ് ലെഫ്റ്റനൻ്റ് കേണൽ എം.കെ സാഹു പ്രസ്താവനയിൽ പറഞ്ഞു. ഒരു വിഷയത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സൈനികരും തമ്മിലുള്ള ചെറിയ തർക്കങ്ങൾ നേരത്തെ രമ്യമായി പരിഹരിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡെപ്യൂട്ടി സൂപ്രണ്ട് പീർസാദ മുഹഹിദ്-ഉൽ-ഹഖിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.