എടിഎം സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി; 93 ലക്ഷം രൂപ കവർന്നു

മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാർക്ക് നേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിർക്കുകയായിരുന്നു

Update: 2025-01-16 11:11 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ബെം​ഗളൂരു: കർണാടകയിലെ ബീദറിൽ എടിഎം സുരക്ഷാ ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തി 93 ലക്ഷം രൂപ കവർന്നു. എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ വെടിയുതിർത്തത്.

എടിഎമ്മിൽ പണം നിറയ്ക്കുന്ന സേവനങ്ങൾ നൽകുന്ന സിഎംഎസ് എന്ന ഏജൻസിയിലെ ജീവനക്കാരായ ഗിരി വെങ്കടേഷ്, ശിവകുമാർ എന്നിവർക്കാണ് വെടിയേറ്റത്. വെടിയേറ്റ ഗിരി വെങ്കടേഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ശിവകുമാറിന്റെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ ബിദാറിലെ ശിവാജി ചൗക്കിലുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പ്രധാന ശാഖയുടെ മുന്നിലായിരുന്നു സംഭവം. മോഷണ സംഘം എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തെ പിന്തുട‌ർന്ന് ആക്രമിക്കുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് രണ്ട് ബൈക്കുകളിലായെത്തിയ മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാർക്ക് നേരെ മുളകുപൊടിയെറിഞ്ഞതിനുശേഷം വെടിയുതിർക്കുകയായിരുന്നു. മോഷ്ടാക്കള്‍ എട്ടു റൗണ്ടാണ് വെടിയുതിർത്തത്.

ആക്രമണത്തിനിടെ മോഷ്ടാക്കളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. മുഖംമൂടിയും തൊപ്പിയും അണിഞ്ഞിരുന്നതിനാൽ പ്രദേശവാസികൾക്ക് അക്രമികളെ തിരിച്ചറിയാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. കവർച്ചാ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News