സൈബര്‍ തട്ടിപ്പിന് സിം കാര്‍ഡുകള്‍ നല്‍കിയ സംഘം അറസ്റ്റില്‍; പിടികൂടിയത് 16,000 സിമ്മുകള്‍
ഏഴംഗ സംഘമാണ് പിടിയിലായത്
സൈബര്‍ തട്ടിപ്പിന് സിം കാര്‍ഡുകള്‍ നല്‍കുന്ന സംഘം പിടിയില്‍. ഏഴംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 16,000 ആക്റ്റീവ് സിമ്മുകള്‍ പിടികൂടി. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം.
വ്യാജ മേല്‍വിലാസം ഉപയോഗിച്ചാണ് സിം കാര്‍ഡുകള്‍ സംഘം വാങ്ങിയിരുന്നതെന്ന് ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമ്മീഷണർ എസ് കെ പ്രിയദർശി പറഞ്ഞു. സംസ്ഥാനത്തിന് പുറത്തേക്കും ഇവര്‍ പണം വാങ്ങി സിം കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. പ്രതികളിൽ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും കണ്ടെത്തി.
സ്വകാര്യ ടെലികോം കമ്പനികളിലെ ജീവനക്കാരുടെ സഹായത്തോടെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സാധാരണ ഐഡന്‍റിറ്റി തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സിം ആക്റ്റിവേറ്റ് ചെയ്യാന്‍ കഴിയൂ. നേരത്തെ തന്നെ ആക്റ്റിവേറ്റ് ചെയ്ത സിം കാർഡുകളാണ് പ്രതികള്‍ സ്വന്തമാക്കിയിരുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങള്‍ പെരുകുകയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019ൽ അതിന് മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ 63.5 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ അധികവും നടക്കുന്നത് വ്യാജ രേഖകള്‍ നല്‍കി സംഘടിപ്പിക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. ഭുവനേശ്വറില്‍ ഒരു കേസ് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഭദ്രക് പട്ടണം കേന്ദ്രീകരിച്ച് ഇങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഒഡീഷക്ക് പുറത്ത് പ്രത്യേകിച്ചും രാജസ്ഥാന്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കാണ് ഇവര്‍ പ്രധാനമായും സിം കാര്‍ഡുകള്‍ നല്‍കിയിരുന്നത്.