കശ്മീരില്‍ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി രണ്ട് സൈനികർ കൊല്ലപ്പെട്ടു
ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം
Update: 2022-07-18 07:59 GMT
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ ആനന്ദ്, ജെസിഒ നായിബ് സുബേദാർ ഭഗവാൻ സിങ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം. ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പിആർഒ ജമ്മു ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉധംപൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ക്യാപ്റ്റൻ ആനന്ദ് ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണ്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പോഖർ ഭിട്ട സ്വദേശിയാണ് സുബേദാർ ഭഗവാൻ സിംഗ്.