'പൊതുജനങ്ങളെ ഭയമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യതയെ അട്ടിമറിക്കുന്നു'- നിയമഭേദഗതിക്കെതിരെ കോൺഗ്രസ്

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് വീഡിയോ റെക്കോർഡുകളുടേയും പൊതുപരിശോധന തടയുന്നതാണ് പുതിയ ഭേദഗതി

Update: 2024-12-21 14:55 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട നിയമഭേദഗതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് കോൺഗ്രസ്. സിസിടിവി ദൃശ്യങ്ങൾ, വെബ്‌കാസ്റ്റിംഗ് റെക്കോർഡിംഗുകൾ, സ്ഥാനാർത്ഥികളുടെ വീഡിയോ ദൃശ്യങ്ങൾ എന്നിവ ഉൾപ്പടെ ഇലക്ട്രോണിക് രേഖകളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഭേദഗതി ചെയ്‌തിരുന്നത്‌.തെരഞ്ഞെടുപ്പിലെ സുതാര്യതയെ അട്ടിമറിക്കാനാണ് ഭേദഗതിയിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യതയെ ഭയക്കുന്നതെന്നും ഡിസംബർ 20ലെ വിജ്ഞാപനം എക്‌സിൽ പങ്കുവെച്ച് ജയറാം രമേശ് ചോദിച്ചു. 

സിസിടിവി ക്യാമറകൾ, വെബ്‌കാസ്റ്റിംഗ് ഫൂട്ടേജുകൾ, സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകൾ എന്നിവയടക്കമുള്ള ഇലക്ട്രോണിക് രേഖകളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തിയതെന്നാണ് കേന്ദ്രസർക്കാർ വാദം. ഈ ഇലക്രോണിക് രേഖകൾ പൊതുജനങ്ങൾ പരിശോധിക്കുന്നത് പരിമിതപ്പെടുത്തുന്നതിനായി 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 93 ആണ് ഭേദഗതി ചെയ്‌തത്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അനുമതി നൽകുന്ന വകുപ്പായിരുന്നു 93(2)(എ).

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നടപടി. ഒരു കോടതി കേസാണ് നിയമഭേദഗതി ചെയ്യാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും നിയമമന്ത്രാലയവും വിശദീകരിക്കുന്നത്. പോളിംഗ് ബൂത്തിനകത്ത് നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് വോട്ടർമാരുടെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 

പുതിയ ഭേദഗഗതി അനുസരിച്ച് നാമനിർദ്ദേശ പത്രികകൾ, പോൾ ഏജൻ്റുമാരുടെ നിയമനങ്ങൾ, ഫലങ്ങൾ, ചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ തുടങ്ങിയ രേഖകൾ മാത്രം പൊതുപരിശോധനയ്ക്ക് ലഭ്യമാകും. സിസിടിവി ക്യാമറ ദൃശ്യങ്ങൾ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിൽ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ സ്ഥാനാർത്ഥികൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റുള്ളവർക്ക് ഇവ വേണമെന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News