വിവാഹ സമ്മാനമായി കിട്ടിയ ഹോംതിയേറ്റർ പൊട്ടിത്തെറിച്ച് പ്രതിശ്രുത വരനും സഹോദരനും ദാരുണാന്ത്യം
ഹോംതിയേറ്റർ പുറത്തെടുത്ത് വയർ സ്വിച്ച് ബോർഡിൽ കുത്തി ഓൺ ആക്കിയതോടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
റായ്പൂർ: വിവാഹത്തിന് സമ്മാനമായി കിട്ടിയ ഹോംതിയേറ്റർ പൊട്ടിത്തെറിച്ച് പ്രതിശ്രുത വരനും മൂത്ത സഹോദരനും ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ കബിർദാം ജില്ലയിലെ കവർധയിൽ തിങ്കളാഴ്ചയാണ് സംഭവം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഹോം തിയേറ്റർ സൂക്ഷിച്ച മുറിയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. 22കാരനായ ഹേമേന്ദ്ര മെരാവിയും ഇയാളുടെ ജ്യേഷ്ട സഹോദരനും രാജ്കുമാറും (30) ആണ് മരിച്ചത്. ഏപ്രിൽ ഒന്നിനായിരുന്നു മെറാവിയുടെ വിവാഹം.
തിങ്കളാഴ്ച മെരാവി കുടുംബവും വിവാഹ സമ്മാനപ്പൊതികൾ അഴിക്കുകയായിരുന്നു. തുടർന്ന് ഹോം തിയേറ്റർ പുറത്തെടുത്ത് വയർ സ്വിച്ച് ബോർഡിൽ കുത്തി ഓൺ ആക്കിയതോടെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് കബിർധാം അഡീഷനൽ പൊലീസ് സൂപ്രണ്ട് മനീഷ താക്കൂർ പറഞ്ഞു. സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ മെരാവി സംഭവസ്ഥലത്ത് തന്നെ മരിച്ചതായും എഎസ്പി വ്യക്തമാക്കി.
ഗുരുതരമായി പരിക്കേറ്റ സഹോദരൻ രാജ്കുമാറിനെയും ഒന്നര വയസുള്ള ആൺകുട്ടിയടക്കം മറ്റ് നാല് പേരെയും ഉടൻ കവർധയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ രാജ്കുമാർ മരിക്കുകയായിരുന്നു. മറ്റുള്ളവർ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിനു പിന്നാലെ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ യഥാർഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് എഎസ്പി വിശദമാക്കി.
മുറിയിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന മറ്റ് കത്തുന്ന വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് റെംഗഖർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ദുർഗേഷ് റാവ്തെ പറഞ്ഞു. ഹോം തിയേറ്റർ മാത്രമാണ് പൊട്ടിത്തെറിച്ചത്. അന്വേഷണത്തിനു ശേഷമേ സ്ഫോടന കാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.