കടല അടുപ്പത്തുവെച്ച് കിടന്നുറങ്ങി; പുക ശ്വസിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
ചോലെ ബട്ടൂര വിൽക്കുന്ന യുവാക്കളാണ് മരിച്ചത്
നോയ്ഡ: കടല വേവിക്കാനായി ഗ്യാസ് അടുപ്പിൽവെച്ച ശേഷം കിടന്നുറങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ നോയ്ഡ ബസായ് ഗ്രാമത്തിൽ താമസിക്കുന്ന ഉപേന്ദ്ര (20), ശിവം (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ മുറിയിൽ നിന്ന് പുക വരുന്നത് കണ്ട അയൽവാസികൾ വാതിൽ പൊളിച്ച് യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
ഗ്യാസ് സ്റ്റൗവിൽ കടല പാചകം ചെയ്ത പാത്രം കരിഞ്ഞ നിലയിൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് മേധാവി രാജീവ് ഗുപ്ത പറയുന്നതിങ്ങനെയാണ്: ‘പരിസരത്ത് ചോലെ ബട്ടൂര വിൽക്കുന്ന കട നടത്തുകയാണ് ഇരുവരും. കടല വേവിക്കാൻ അടുപ്പിൽവെച്ച ശേഷം യുവാക്കൾ കിടന്ന് ഉറങ്ങി. രാത്രി മുഴുവൻ സ്റ്റൗ കത്തുകയും, കടല കത്തിനശിച്ച് മുറിക്കുള്ളിൽ പുക നിറയുകയും ചെയ്തു. വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ പുകമുറിക്കുള്ളിൽ തങ്ങിനിന്നു. ഇത് കാരണം വലിയ അളവിലുള്ള കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടായി. അത് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം’.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.