ഉദ്ധവ് താക്കറെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്, ആർഎസ്എസിനെ പ്രശംസിച്ച് ശരദ് പവാർ, ബിജെപിയുമായി സഖ്യസാധ്യത തള്ളാത റാവുത്ത്: മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്...
ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ വീണ്ടും മുഖ്യമന്ത്രി ഫഡ്‌നാവിസിനെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം ഇത് മൂന്നാം തവണയാണ് ആദിത്യ താക്കറെ മുഖ്യമന്ത്രിയെ കാണുന്നത്
മുംബൈ: ഉദ്ധവ് താക്കറെ ശത്രുവല്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ പ്രസ്താവനയെച്ചൊല്ലി മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾ. ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്ധവ് വിഭാഗം ശിവസേന എംപി സഞ്ജയ് റാവുത്ത് ശനിയാഴ്ച പറഞ്ഞതും ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടുന്നു.
പിണക്കം മറന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ബിജെപിയുമായി വീണ്ടും സഖ്യത്തില്‍ എത്തിയേക്കുമെന്നാണ് അഭ്യൂഹം.
രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളും സുഹൃത്തുക്കളുമില്ലെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ പ്രസ്താവന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കാര്യം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഒരു കാലത്ത്, നിതീഷ് കുമാർ ബിജെപിയുടെ ശക്തനായ എതിരാളിയായിരുന്നു, ഇപ്പോൾ അദ്ദേഹം ബിജെപിയുടെ സഖ്യകക്ഷിയാണ്. ഭാവിയിൽ എന്തും സംഭവിക്കാമെന്നും റാവുത്ത് പറഞ്ഞു.
ഉദ്ധവ് താക്കറെ തൻ്റെ ശത്രുവല്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു റാവുത്തിന്റെ പ്രതികരണം. നാഗ്പുരിൽ മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറെ ശത്രുവല്ലെന്ന് ഫഡ്‌നവിസ് പറഞ്ഞത്. '' ഉദ്ധവ് എന്റെ സുഹൃത്തായിരുന്നു. രാജ് താക്കറെ പിന്നീട് സുഹൃത്തായി. രാജ് ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. ഉദ്ധവ് താക്കറെ ശത്രുവല്ല''- ഇങ്ങനെയായിരുന്നു ഫഡ്നാവിസിന്റെ വാക്കുകള്‍.
തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു നേരത്തെ സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ തള്ളിപ്പറയാതെ റാവുത്ത് രംഗത്ത് എത്തിയത്. ഇതിനിടെ ഉദ്ധവ് താക്കറെയുടെ മകനും പാർട്ടി നിയമസഭാ കക്ഷി നേതാവുമായ ആദിത്യ താക്കറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. സംസ്ഥാനത്ത് ഫഡ്നാവിസ് മന്ത്രിസഭ രൂപീകരിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ആദിത്യ താക്കറെ മുഖ്യമന്ത്രിയെ കാണുന്നത്. സംസ്ഥാനത്തെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച എന്നാണ് പറയുന്നതെങ്കിലും ചോദിക്കുമ്പോഴൊക്കെ ഫഡ്നാവിസ് കൂടിക്കാഴ്ചക്ക് അനുമതി കൊടുക്കുന്നതിലും രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകം കാണുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയാണ് ഉദ്ധവ് വിഭാഗം ശിവസേന രംഗത്ത് എത്തുന്നത്. മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചർച്ചയ്ക്കിടെ കോൺഗ്രസ് സംസ്ഥാന ഘടകം ശക്തമായ വിലപേശൽ നടത്തിയപ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെന്ന് സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഭാവി പരിപാടികളും മറ്റും ആസൂത്രണം ചെയ്യാൻ ഒരു യോഗം പോലും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ മുൻകയ്യെടുക്കേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമായിരുന്നുവെന്നും'- സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തില്‍, ആര്‍എസ്എസിനെ അഭിനന്ദിച്ചുള്ള ശരദ് പവാറിന്റെ പ്രസ്താവനയും ചര്‍ച്ചയായിരുന്നു. ബിജെപി അടക്കമുള്ള മഹായുതി സഖ്യത്തിന്റെ വിജയം ആർഎസ്എസിന്റെ തെരഞ്ഞെടുപ്പ് മാനേജ്മെൻ്റിന്റെ ഫലമാണെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞത്. മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ ചില അടിയൊഴുക്കുകൾ നടക്കുന്നതായുള്ള വാർത്തകൾക്കിടെയാണ്, ശരദ് പവാറിന്റെ ആർഎസ്എസ് പുകഴ്ത്തല്‍. അതേസമയം രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നായിരുന്നു ശരദ്പവാറിന്റെ ആർഎസ്എസ് പുകഴ്ത്തിലിനോട് മുഖ്യമന്ത്രി ഫഡ്‌നാവിസ് പ്രതികരിച്ചത്.