'മദ്യക്കുപ്പി പിടിച്ച കെജ്‌രിവാൾ VS തെറി പറയുന്ന ബിജെപി നേതാവ്'; ഡൽഹിയിൽ ബിജെപി-ആപ് പോസ്റ്റർ യുദ്ധം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കോൺഗ്രസ് നേതാക്കളായ സന്ദീപ് ദിക്ഷിത്, അജയ് മാക്കൻ, അൽക്ക ലാംബ എന്നിവർക്കെതിരെയും ആപ് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്

Update: 2025-01-12 09:45 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പ്രധാന മുന്നണികളായ ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ പോസ്റ്റർ യുദ്ധം. പരസ്പരം പഴിചാരുന്ന പോസ്റ്ററുകളാണ് ഇരുപാർട്ടികളും പുറത്തിറക്കിയത്.

ആപ് നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള മദ്യനയ അഴിമതി കേസുകൾ ഉൾപ്പെടെ ആയുധമാക്കിയാണ് ബിജെപിയുടെ പോസ്റ്റർ പ്രചാരണം. അതേസമയം ബിജെപി നേതാവ് രമേശ് ബിധൂഡിയെ ഉപയോഗിച്ചാണ് ആപ്പിന്റെ ആക്രമണം.

ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ കിരീടം ധരിച്ചുനിൽക്കുന്ന കെജ്‌രിവാളിന്റെ സ്യൂട്ടിനുള്ളിലും കയ്യിലും മദ്യക്കുപ്പികൾ കാണാം. കെജ്‌രിവാളിന്റെ അറസ്റ്റിലേക്കും രാജിയിലേക്കുമെല്ലാം നയിച്ച മദ്യനയ അഴിമതി കേസ് ഉന്നംവെച്ചാണ് ബിജെപി നീക്കം. വൈൻ, ബിയർ ഷോപ്പുകൾ, വെള്ളടാങ്കറുകൾക്ക് ചുറ്റിലുമുള്ള തിരക്ക്, മലിനീകരണം, യമുന നദിയിലെ വിഷാംശം, ഡൽഹി വെള്ളപ്പൊക്കം തുടങ്ങിയ വിഷയങ്ങളെ പ്രതീകപ്പെടുത്തുന്ന ചിത്രങ്ങളും പോസ്റ്ററിൻ്റെ പശ്ചാത്തലത്തിലുണ്ട്. ആപ് ഭരണത്തിലെ വീഴ്ചകൾ സൂചിപ്പിക്കുന്ന പോസ്റ്ററിന്റെ തലക്കെട്ട് 'ആപദ' എന്നാണ്. ദുരന്തം എന്നാണ് വാക്കിന്റെ അർഥം.

മറുഭാഗത്ത്, രമേശ് ബിധൂഡിയെ പരിഹാസ രൂപത്തിലാണ് ആപ് പ്രതീകപ്പെടുത്തിയിരിക്കുന്നത്. "അധിക്ഷേപ പാർട്ടിയുടെ അധിക്ഷേപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥി" എന്നാണ് പോസ്റ്റർ തലക്കട്ട്. ബിധൂഡിയുടെ വിവാദ പരാമർശങ്ങളെ വിമർശിക്കുകയും ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള അദ്ദേഹത്തിൻ്റെ യോഗ്യതയെ ചോദ്യം ചെയ്യുകയാണ് ആപ് അതിലൂടെ ചെയ്യുന്നത്.

അതിനുപുറമെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കോൺഗ്രസ് നേതാക്കളായ സന്ദീപ് ദിക്ഷിത്, അജയ് മാക്കൻ, അൽക്ക ലാംബ എന്നിവർക്കെതിരെയും ആപ് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. ചെസ് കളിക്കുന്ന അമിത് ഷായും അതിലെ പടയാളികളായി കോൺഗ്രസ് നേതാക്കളെയുമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ കോൺഗ്രസ് നേതാക്കളെ ബിജെപി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആപിന്റെ പോസ്റ്റർ.

ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ബിജെപിയും എഎപിയും തമ്മിൽ പോരാട്ടച്ചൂട് ഉയർന്നതിന്റെ ഉദാഹരണമാണ് പോസ്റ്റർ യുദ്ധം. മദ്യനയ അഴിമതിക്കേസിൽ കുറ്റാരോപിതനായ കെജ്‌രിവാളിന്റെ ജയിൽ വാസത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ടുതന്നെ, ബിജെപിയെ കടന്നാക്രമിച്ചാണ് ആപ് മുന്നോട്ടുപോകുന്നത്. അതേസമയം, കെജ്‌രിവാൾ അഴിമതിക്കാരനാണെന്ന ആരോപണമാണ് ബിജെപി ഉയർത്തുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News