കണ്ണുകളിൽ ഭീതിയുടെ നിഴൽ, ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസം; ഒഡീഷ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേർ ചെന്നൈയിലേക്ക്
അപകട സ്ഥലത്ത് കുടുങ്ങിപ്പോയ യാത്രക്കാരെയും വഹിച്ച് പ്രത്യേക ട്രെയിൻ യാത്ര ആരംഭിച്ചു
വിജയവാഡ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഒഡീഷയിലെ ബാലസോറിലുണ്ടായ ദുരന്തം. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കാതുകളിൽ ഇപ്പോഴും കൂട്ടനിലവിളികളാണ്. അപകടത്തിന്റെ ഭീതി വിട്ടുമാറാതെ തിരികെ കിട്ടിയ ജീവനുമായി ആശ്വാസത്തോടെയുള്ള യാത്രയിലാണ് 250 പേർ. ഒഡീഷയിൽ നിന്നും പുറപ്പെട്ട സ്‌പെഷ്യൽ ട്രെയിനിൽ രാത്രിയോടെ ഇവർ തങ്ങളുടെ വീടുകളിലെത്തും.
അപകടസ്ഥലത്ത് കുടുങ്ങിപ്പോയ യാത്രക്കാരെയും വഹിച്ച് p/136721 നമ്പർ ട്രെയിൻ യാത്ര ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക വിവരമനുസരിച്ച് 133 പേർ ചെന്നൈയിലും 41 പേർ വിശാഖപട്ടണത്തും നാലുപേർ ഭരംപൂരിലും ഒരാൾ രാജമഹേന്ദ്രവരത്തും രണ്ടുപേർ തഡെപെല്ലിഗുഡത്തിലും ഇറങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ കാരണം. ശാലിമറിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ച കോറമണ്ഡൽ എക്‌സ്പ്രസും യശ്വന്ത്പൂരിൽ നിന്ന് കൊൽക്കചത്തയിലേക്ക് പോയ ഹൗറ എക്‌സ്പ്രസും ചരക്ക് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്.
ബാലസോറിന് സമീപമുള്ള ബഹനഗാ സ്റ്റേഷന് സമീപമുള്ള പാളത്തിന്റെ ലൂപ് ലൈനിൽ നിർത്തിയിട്ട ചരക്ക് ലോറിയിലേക്ക് കോറമണ്ഡൽ എക്‌സ്പ്രസ് പാഞ്ഞുകയറുകയായിരുന്നു. പാളം മാറുമ്പോൾ 130 കിലോമീറ്ററായിരുന്നു ട്രെയിന്റെ വേഗം. ചരക്ക് ട്രെയിനിൽ ഇടിച്ചതോടെ കോറമണ്ഡലിന്റെ പാളം തെറ്റിയ ചില ബോഗികൾ മറ്റു പാളത്തിലേക്ക് വീണു. ഈ ബോഗികളിലേക്കാണ് ഹൗറ എക്‌സ്പ്രസ് കയറിയത്. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡല എക്‌സ്പ്രസിന്റെ 24 കോച്ചുകളിൽ 21 കോച്ചുകളും മറിഞ്ഞു. ട്രെയിൻ കൂട്ടിയിടി തടയാനുള്ള ചെയ്ത കവച് സംവിധാനവും ഈ പാതകളിലില്ല.
തിരക്ക് കൂടുതലുള്ള രണ്ട് ട്രെയിനുകൾ തമ്മിലെ കൂട്ടിമുട്ടലാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മൂന്ന് ട്രെയിനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്.