അസമിൽ ഖനി അപകടം, തുരങ്കത്തിൽ കുടുങ്ങി നിരവധി തൊഴിലാളികൾ

ദിമ ഹസാവോ ജില്ലയിലെ ഉൾപ്രദേശത്താണ് ഖനി, എത്ര പേരാണ് കുടുങ്ങിയതെന്നോ എങ്ങനെ രക്ഷിക്കണമെന്നോ വ്യക്തതയില്ലാതെ അധികൃതർ

Update: 2025-01-06 16:18 GMT
Editor : ശരത് പി | By : Web Desk
Advertising

ദിസ്പുർ: അസമിൽ നിരവധി ഖനി തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. ദിമ ഹസാവോ ജില്ലയിലെ ഉംറംങ്ക്ഷുവിൽ  പ്രദേശത്തെ ടിൻ കിലോ എന്ന സ്ഥലത്തെ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. എത്രയാളാണ് ഖനിയിൽ കുടുങ്ങിയതെന്നോ എവിടെയാണ് കൃത്യമായി കുടുങ്ങിയതെന്നോ ഇതുവരെ വ്യക്തതയില്ല.

സംസ്ഥാന സർക്കാരിന്റെ ഖനി ധാതു വകുപ്പിന്റെ കൽക്കരി ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. 

ജില്ലാ കേന്ദ്രമായ ഹാഫ്‌ലോങ്ങിൽ നിന്ന് ആറ് മണിക്കൂർ യാത്രയുള്ള ഉൾപ്രദേശത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ഖനിയിൽ ആളുകൾ കുടുങ്ങിയെന്ന വാർത്ത പുറത്തുവന്നത് എന്നാൽ പ്രദേശത്ത് പൊലീസ് സ്റ്റേഷൻ പോലും ഇല്ലാത്തതിനാൽ എവിടെയാണെന്നോ എന്താണ് വ്യക്തമായി സംഭവിച്ചതെന്നോ വിവരം ലഭിച്ചിരുന്നില്ല. രാവിലെ ഒമ്പതിന് ഖനിയിൽ കയറിയ തൊഴിലാളികൾക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ലെന്നാണ് വിവരം.

പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി മഴ പെയ്തിരുന്നു. മഴവെള്ളം ഖനിയിലേക്ക് ഊർന്നിറങ്ങി തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയതാവാം എന്നാണ് നിഗമനം.

'ഉംറങ്ക്ഷുവിൽ ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയെന്ന ഭീതിപ്പെടുത്തുന്ന വാർത്ത കേട്ടു. എത്ര പേരാണെന്നോ എങ്ങനെയാണ് കുടുങ്ങിയതെന്നോ വ്യക്തമായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയും എസ്പിയും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും രക്ഷപ്പെടട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു'- എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്‌സിൽ കുറിച്ചു.

പ്രദേശത്തേക്ക് എൻഡിആർഎഫും എസ്ഡിആർഎഫും പുറപ്പെട്ടിട്ടുണ്ടെന്നും സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാളെ രാവിലെ ആറോടെ രക്ഷാപ്രവർത്തനം ആരംഭിക്കും.

സർക്കാർ ഖനിയുടെ നടത്തിപ്പിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അപകടമുണ്ടായപ്പോൾ കമ്പനിയിലെ ആളുകൾ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കഴിഞ്ഞ വർഷം മേയിൽ സംസ്ഥാനത്ത് മൂന്ന് ഖനി തൊഴിലാളികൾ അനധികൃത ഖനിയിൽ മണ്ണിടിച്ചിലുണ്ടായി മരിച്ചിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News