വെള്ളച്ചാട്ടം കാണാനെത്തി, മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത് ഒരുകുടുംബത്തിലെ ഏഴുപേർ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു

കുടുംബം ഒഴുക്കിൽപ്പെടുന്നതിന്റെ വീഡിയോയും പുറത്ത് വന്നു

Update: 2024-07-01 02:38 GMT
Editor : Lissy P | By : Web Desk
Advertising

പൂനെ: പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഏഴംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. രണ്ടുപേർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. നാലും ഒമ്പതും വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്. ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരാണ് മരിച്ചത്. താഴെയുള്ള റിസർവോയറിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. അദ്നാൻ സഭാഹത് അൻസാരി (4), മരിയ അഖിൽ അൻസാരി (9) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു കുടുംബം. വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ സഹായത്തിന് വേണ്ടി കുട്ടികളടക്കമുള്ളവർ നിലവിളിക്കുന്ന വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് നടുവിലുള്ള ഒരു പാറയിൽ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നതും കരയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ വെള്ളത്തിന്റെ ശക്തി വർധിച്ചതോടെ ഓരോരുത്തരായി ഒഴുക്കിൽപ്പെടുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ആ സമയത്ത് അവിടെയുണ്ടായിരുന്ന  മറ്റ് വിനോദസഞ്ചാരികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം നടന്നില്ല. പിന്നീട്നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വിനോദസഞ്ചാരികൾ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസർവോയറിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, കുടുംബം പായൽ നിറഞ്ഞ പാറക്കെട്ടിലാണ് നിന്നിരുന്നതെന്നും കാൽതെന്നി വീണ് ഒലിച്ചുപോകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. പൊലീസിന്റെയും പ്രാദേശിക അധികാരികളുടെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആയിരക്കണക്കിന് സന്ദർശകർ ഭൂഷി, പാവന അണക്കെട്ട് മേഖലകളിൽ എത്തുന്നതെന്നും വിമർശനമുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News