മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം 4 സ്ത്രീകളെ മര്‍ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തി
ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്
പാകിസ്താനില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം നാലു സ്ത്രീകളെ മര്‍ദിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. ലാഹോറില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
ഒരു കൗമാരക്കാരി ഉള്‍പ്പെടെ നാലു സ്ത്രീകളെയാണ് ആള്‍ക്കൂട്ടം ക്രൂരമായി അപമാനിച്ചത്. ശരീരം മറക്കാന്‍ ഒരു കഷണം തുണി ചോദിച്ച് കരഞ്ഞ സ്ത്രീകളെ ചുറ്റുമുള്ള ആള്‍ക്കൂട്ടം വടികൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. തങ്ങളെ പോകാൻ അനുവദിക്കണമെന്ന് സ്ത്രീകൾ കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറോളം അവരെ നഗ്നരായി തെരുവിൽ നിര്‍ത്തുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് വക്താവ് ചൊവ്വാഴ്ച ട്വീറ്റിലൂടെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫൈസാലാബാദിലെ ബാവ ചക്ക് മാര്‍ക്കറ്റില്‍ പാഴ്‍വസ്തുക്കള്‍ ശേഖരിക്കാനെത്തിയതായിരുന്നു സ്ത്രീകള്‍. ദാഹിച്ചപ്പോള്‍ ഉസ്മാൻ ഇലക്‌ട്രിക് സ്റ്റോറിന്‍റെ ഉള്ളിൽ കയറി ഇവര്‍ ഒരു കുപ്പി വെള്ളം ചോദിച്ചു. എന്നാല്‍ ഇവര്‍ കടയില്‍ കയറിയത് മോഷണലക്ഷ്യത്തോടെയാണെന്നായിരുന്നു ഉടമ സദ്ദാമിന്‍റെ വാദം. തുടര്‍ന്ന് സദ്ദാമും മറ്റുള്ളവരും ചേര്‍ന്ന് സ്ത്രീകളെ മര്‍ദിക്കുകയായിരുന്നു. വസ്ത്രങ്ങളുരിഞ്ഞ് മാര്‍ക്കറ്റിനുള്ളിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഇവരുടെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ജനക്കൂട്ടത്തിലാരും ഇതു തടഞ്ഞില്ലെന്നും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു. ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ തിരച്ചില്‍ നടത്തുന്നതിനിടെ സദ്ദാം ഉൾപ്പെടെ അഞ്ച് പ്രധാന പ്രതികളെ പിടികൂടിയതായി ഫൈസലാബാദ് പൊലീസ് മേധാവി ഡോ.ആബിദ് ഖാൻ പറഞ്ഞു.