ഭൂരിപക്ഷം എം.എൽ.എമാരും ബി.ജെ.പിയുമായി കൈകോർക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നു: പ്രഫുൽ പട്ടേൽ
എൻ.സി.പിയുടെ 53 എം.എൽ.എമാരിൽ 51 പേരും ബി.ജെ.പി സഖ്യത്തിനൊപ്പം ചേരണമെന്ന നിലപാടുകാരായിരുന്നുവെന്ന് പ്രഫുൽ പട്ടേൽ വെളിപ്പെടുത്തി.
മുംബൈ: മഹാരാഷ്ട്ര എൻ.സി.പി പിളർപ്പിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മറുകണ്ടംചാടിയ പ്രമുഖ നേതാവ് പ്രഫുൽ പട്ടേൽ. നേരത്തെ തന്നെ ബി.ജെ.പിയുമായി കൈക്കോർക്കണമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പാർട്ടി എം.എൽ.എമാരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബി.ജെ.പിയുമായി സർക്കാർ രൂപീകരിക്കണമെന്ന് ഇവർ പാർട്ടി തലവൻ ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രഫുൽ പട്ടേൽ വെളിപ്പെടുത്തി.
മറാഠി ചാനലായ 'സൂ 24 താസി'ന് നൽകി അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2022ൽ മഹാവികാസ് അഘാഡി(എം.വി.എ) സർക്കാർ തകർന്ന ശേഷമാണ് ഇത്തരമൊരു ആവശ്യവുമായി എം.എൽ.എമാർ ശരദ് പവാറിനെ സമീപിച്ചതെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. 53 എൻ.സി.പി എം.എൽ.എമാരിൽ 51 പേരും ഇതേ നിലപാടുകാരായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എൻ.സി.പിക്ക് ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട് ബി.ജെ.പിയുമായി ആയിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.
ജൂലൈ രണ്ടിനാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയിലെ ഒരു വിഭാഗം പാർട്ടിയെ നെടുകെ പിളർത്തി ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന് പുറമേ ഛഗൻ ഭുജ്ബൽ, ഹസൻ മുശരിഫ് എന്നിവരടക്കം എട്ട് എൻ.സി.പി എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ വർഷം തന്നെ ബി.ജെ.പി സഖ്യത്തിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. അന്നൊരു തീരുമാനമുണ്ടായില്ല. ഇപ്പോൾ അതിനൊരു രൂപമായി. ഒരു പാർട്ടിയെന്ന നിലക്കാണ് തീരുമാനമെടുത്തത്, അല്ലാതെ തന്റെയോ അജിത് പവാറിന്റെയോ മാത്രം തീരുമാനമല്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
തങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പട്ടേലിന് അവകാശമില്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രിസിഡന്റല്ല ജയന്ത് പട്ടേൽ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് യാതൊരു സാധുതയുമില്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.