ബിഹാറില്‍ 60 അടി നീളമുള്ള പാലം മോഷണം പോയി
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് പാലം പൊളിക്കുകയും മെറ്റലുമായി രക്ഷപ്പെടുകയായിരുന്നു
ബിഹാറില്‍ 60 അടി നീളമുള്ള പാലം പട്ടാപ്പകൽ മോഷണം പോയി. ബിഹാറിലെ റോഹ്താസിലാണ് അസാധാരണമായ മോഷണം നടന്നത്. സംസ്ഥാന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രദേശത്ത് എത്തിയ മോഷ്ടാക്കൾ ഗ്യാസ് കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് പാലം പൊളിക്കുകയും മെറ്റലുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലർ ജെ.സി.ബി, ഗ്യാസ് കട്ടർ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് കനാല്‍ പാലം പൂര്‍ണമായും പിഴുതെടുക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തതായി റോഹ്താസ് ജലസേചന വകുപ്പ് ജൂനിയർ എഞ്ചിനീയർ അർഷാദ് കമാൽ ഷംഷി അറിയിച്ചു. 60 അടി നീളവും 12 അടി ഉയരവുമുള്ള പാലം പെട്ടെന്ന് അപ്രത്യക്ഷമായത് ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മോഷ്ടാക്കൾക്കെതിരെ നസ്രിഗഞ്ച് പൊലീസ് കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും സാധാരണ മന്ദഗതിയിലാണ് നടക്കാറെന്നും അത്തരം കാര്യങ്ങള്‍ നോട്ടീസ് മുഖേന നേരത്തെ അറിയിക്കാറുണ്ടെന്നും ജൂനിയർ എഞ്ചിനീയറായ യോഗേന്ദ്രയെ ഉദ്ധരിച്ച് അർഷാദ് കമാൽ ഷംഷി പറഞ്ഞു. ബിഹാര്‍ ആമിയാവരിലെ അറ കനാലിന് കുറുകെ 1972-ൽ ആണ് മോഷണം പോയ പാലം നിർമ്മിച്ചത്.
60-Foot Bridge Stolen In Bihar