'ഇതുപോലൊരു തെരഞ്ഞെടുപ്പ് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല'; ഹേമന്ത് സോറൻ

തെരഞ്ഞെടുപ്പ് സമയത്ത് ഉള്ള് നീറുകയായിരുന്നെന്ന് സോറൻ

Update: 2024-11-23 11:44 GMT
Editor : ശരത് പി | By : Web Desk
Advertising

റാഞ്ചി: നിലവിൽ 57 സീറ്റുകളുമായി ജാർഖണ്ഡിൽ മുന്നേക്കൊണ്ടിരിക്കുകയാണ് ഇൻഡ്യാ മുന്നണി. ജാർഖണ്ഡിൻ്റെ അധികാരം ഇതോടെ മുന്നണി ഉറപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ തന്നെയായിരിക്കും വീണ്ടും അധികാരത്തിലെത്തുക എന്നാണ് നിഗമനം.

2,000ത്തിലെ സംസ്ഥാനരൂപീകരണത്തിന് ശേഷം ഇതുവരെ കാണാത്ത വിജയത്തിലേക്ക് പാർട്ടിയെ എത്തിച്ചതിന് തന്റെ പത്‌നിയോടും അനുയായികളോടും നന്ദി പറഞ്ഞാണ് സോറൻ തന്റെ വിജയത്തിൽ പ്രതികരിച്ചത്.

തങ്ങളുടെ ലക്ഷ്യത്തിനായി തങ്ങൾ കൃത്യമായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള തെരഞ്ഞെടുപ്പാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ജയിക്കുക എന്ന ലക്ഷ്യത്തിനായി തങ്ങൾ ധാരാളം അധ്വാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ സോറൻ തങ്ങൾ പറയാനുദ്ദേശിക്കുന്നത് ജനങ്ങളിലെത്തിക്കുന്നതിൽ വിജയിച്ചെന്നും വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14ൽ അഞ്ച് സീറ്റുകൾ മാത്രമാണ് തങ്ങൾക്ക് നേടാനായത്, താൻ ജയിലിലല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേടാനാവുമായിരുന്നു. എന്നാൽ എന്റെ കുറവ് മനസിലാക്കി എന്റെ ഭാര്യ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇത്തവണ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചെന്നും സോറൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് സമയത്ത് തന്റെയുള്ള് നീറി രക്തം വാർന്നുവരുന്നത് പോലെയാണ് അനുഭവപ്പെട്ടത്. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതുപൊലൊരു തെരഞ്ഞെടുപ്പ് താൻ കണ്ടിട്ടില്ലെന്നും ഇനി കാണില്ലെന്നും സോറൻ കൂട്ടിച്ചേർത്തു.

ഇതിനിടെ ഏറെ നേരം പിന്നിലായിരുന്ന ഗാണ്ഡെ സ്ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയുമായ കൽപ്പന സോറൻ ഞൊടിയിടയിലാണ് തന്റെ ലീഡ് ഉയർത്തി മുന്നോട്ടുവന്നത്. വോട്ടെണ്ണലിന്റെ തുടക്കം തൊട്ടേ കൽപ്പന ഏറെ പിന്നിലായിരുന്നു എന്നാൽ അവസാന റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ കൽപ്പന തന്റെ ലീഡുയർത്തുകയായിരുന്നു. ജനം തെരഞ്ഞെടുത്തത് വികസനത്തിന്റെ പാതയെന്നാണ് സംസ്ഥാനത്തിൽ വിജയമുറപ്പിച്ചതിന് പിന്നാലെ കൽപ്പന പറഞ്ഞത്.

അഴിമതിക്കേസിൽ 149 ദിവസം ജയിലിൽ കിടന്ന സോറൻ ജയിൽമോചിതനായതിന് പിന്നാലെ വീണ്ടും അധികാരത്തിലേറുകയായിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News