ആര്‍എസ്എസുമായുള്ള ഭിന്നത പരിഹരിച്ചു; മഹാരാഷ്ട്രയില്‍ ‘തെറ്റ്​ തിരുത്തി’ ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്​ ശേഷം യുദ്ധകാല അടിസ്ഥാനത്തിലാണ് പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാൻ ശ്രമിച്ചത്​

Update: 2024-11-23 11:52 GMT
Advertising

ആറ് മാസം മുമ്പത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വലിയൊരു സന്ദേശമായിരുന്നു. ആ സന്ദേശം ഉള്‍ക്കൊണ്ട് കാര്യങ്ങള്‍ കൃത്യമായി പഠിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതിന്റെ ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 17 ഇടത്ത് മാത്രമാണ് അന്ന് ബിജെപി, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടെ സഖ്യം നേടിയത്. ഇത്തവണ എക്‌സിറ്റ് പോളുകളില്‍ മഹായുതി സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും ഇതുപോലെയൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. 225 സീറ്റുകളിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. ബിജെപി 127, ശിവസേന 54, എന്‍സിപി 40, ജന്‍ സ്വരാജ്യ ശക്തി 2 എന്നിങ്ങനെയാണ് സീറ്റ് നില. മഹാ വികാസ് അഘാഡി സഖ്യം 58 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസ് 20, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന 19, ശരത് പവാര്‍ വിഭാഗം എന്‍സിപി 14 എന്നിങ്ങനെ സീറ്റുകള്‍ നേടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം യുദ്ധകാല അടിസ്ഥാനത്തിലാണ് പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള നടപടികളിലേക്ക് ബിജെപി കടന്നത്. ഒരു തെറ്റും സംഭവിക്കാന്‍ പാടില്ലെന്ന് ബിജെപി നേതൃത്വത്തിന് ഉറപ്പുണ്ടായിരുന്നു. അല്ലാത്തപക്ഷം വലിയ തിരിച്ചടിയാകും നേരിടേണ്ടി വരികയെന്ന് ഇവര്‍ മുന്‍കൂട്ടി കണ്ടു.

ആര്‍എസ്എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനായി എന്നതാണ് മഹായുതി സഖ്യത്തിന്റെ വിജയത്തിലെ പ്രധാന ഘടകം. ഇത് കൂടാതെ തീവ്ര ഹിന്ദുത്വ ലൈനും ബിജെപിയെ സഹായിച്ചു. 'ഒരുമിച്ച് നമ്മള്‍ സുരക്ഷിതരാണ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും 'വിഭജിക്കപ്പെട്ടാല്‍ നാം വീഴും' എന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിയരീതിയില്‍ ചര്‍ച്ചയായി. ഇത് മുന്നണിയുടെ വോട്ടുബാങ്കിനെ ഒന്നിപ്പിക്കാന്‍ സഹായിച്ചു. മറുഭാഗത്ത് മഹാവികാസ് അഘാഡി സഖ്യം മുസ്‌ലിം, ദലിത് വിഭാഗങ്ങളെയും സംസ്ഥാനത്തെ ഏറ്റവും വലിയ ഒബിസി വിഭാഗമായ കന്‍ബികളെയും ഒപ്പംകൂട്ടിയുള്ള പ്രചാരണമാണ് നടത്തിയത്.

പ്രചാരണത്തിനിറങ്ങി ആര്‍എസ്എസ്

ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതോടെ ആര്‍എസ്എസുമായി ബന്ധമുള്ള 35 സംഘടനകളും ബിജെപിക്കും ഘടകകക്ഷികള്‍ക്കും വേണ്ടി സജീവമായി തന്നെ പ്രചാരണത്തിനിറങ്ങി. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തുകൊണ്ട്് വീടുകള്‍ തോറും കേഡര്‍മാരെ ഉപയോഗിച്ചുകൊണ്ട് പ്രചാരണം നടത്തിയെന്ന് ആര്‍എസ്എസ് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന ജാതി-മത ധ്രുവീകരണത്തിന്റെ അപകടം തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ഇവര്‍ പറയുന്നു.

തെറ്റുതിരുത്തല്‍ നയത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയാണ് ലഡ്കി ബഹിന്‍ യോജന പദ്ധതി. അയല്‍ സംസ്ഥാനമായ മധ്യപ്രദേശില്‍നിന്ന് കടംകൊണ്ട പദ്ധതിയാണിത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്തുണയുമായാണ് മഹായുതി സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചത്. പ്രതിമാസം 1250 രൂപയാണ് 2.5 ലക്ഷത്തിനു താഴെ പ്രതിശീര്‍ഷവരുമാനമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ഓരോ മാസവും നല്‍കിവരുന്നത്. 2.25 കോടി പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സംസ്ഥാനത്തെ സ്ത്രീ ജനസംഖ്യയുടെ 55 ശതമാനം വരുമിത്. ലഡ്കി ബഹിന്‍ തുറുപ്പുചീട്ടാകുമെന്നു കണ്ടുതന്നെ സഹായധനം കൂട്ടുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മഹായുതി പ്രഖ്യാപിക്കുകയുണ്ടായി. തുക 2100 ആയി കൂട്ടുമെന്നായിരുന്നു വാഗ്ദാനം. ഇത് ഫലം കണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

മറാത്ത സംവരണവും ഒബിസികളും

ജാതി സമവാക്യങ്ങള്‍ അനസുരിച്ചുള്ള സോഷ്യല്‍ എന്‍ജിനീയറിങ് ഫോര്‍മുല സൃഷ്ടിക്കുക എന്നതായിരുന്നു ബിജെപിയുടെ മുന്നിലുണ്ടായിരുന്ന മറ്റൊരു കടമ്പ. മനോജ് ജാരംഗെ പാട്ടീലിന്റെ സംവരണ പ്രക്ഷോഭം മറാത്തവാഡയിലും വടക്ക്, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും മറാത്തകളും ഒബിസികളും തമ്മിലുള്ള ധ്രുവീകരണത്തിലേക്ക് നയിച്ചിരുന്നു. മറാത്ത വോട്ടുകള്‍ ബിജെപിക്ക് എതിരാവുകയും അത് ശരത് പവാറിന് ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഹിന്ദു ഐക്യം സ്ൃഷ്ടിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബിജെപിക്ക് സാധിച്ചു. മറാത്തകള്‍ക്കിടയിലെ ബിജെപി വിരുദ്ധ വികാരം ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും കഠിനമായി പ്രവര്‍ത്തിച്ചു. 33 ശതമാനം വരുന്ന ഈ വിഭാഗം പല മണ്ഡലങ്ങളിലും ഏറെ നിര്‍ണായകമായി.

മറാത്ത പ്രക്ഷോഭം ഒബിസി വിഭാഗങ്ങളെ ധ്രുവീകരിച്ചിരുന്നു. ഛിന്നഭിന്നമായ 353 വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം ബിജെപി തന്നെ ഏറ്റെടുത്തു. മഹാരാഷ്ട്രയ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവും സംസ്ഥാനത്തെ ഉന്നത നേതാക്കളും ചേര്‍ന്നും പ്രാദേശികാടിസ്ഥാനത്തില്‍ ബിജെപി-ഒബിസി ബന്ധം വളര്‍ത്താനായി പ്രവര്‍ത്തിച്ചു. കേന്ദ്ര ഒബിസി പട്ടകിയില്‍ ഏഴ് ജാതികളെയോ ഉപജാതികളേെയാ ഉള്‍പ്പെടുത്താന്‍ ഒബിസി കമ്മീഷനോട് നിര്‍ദേശിക്കുമെന്ന് വരെ പാര്‍ട്ടി അറിയിച്ചു. 38 ശതമാനം വരുന്ന ഒബിസി വിഭാഗങ്ങള്‍ 175 മണ്ഡലങ്ങളില്‍ ഏറെ നിര്‍ണായകമാവുകയും ചെയ്തു.

കേന്ദ്രത്തില്‍ ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ സംവരണത്തിലും ഭരണഘടനയിലുമെല്ലാം ഭേദഗതികള്‍ കൊണ്ടുവരുമെന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണം. അതിനാല്‍ തന്നെ അന്ന് മഹാവികാസ് അഘാഡിക്കൊപ്പമായിരുന്നു ദലിതര്‍. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമായതിനാല്‍ അവരുടെ പിന്തുണയും മഹായുതി സഖ്യത്തിന് ലഭിച്ചു.

കര്‍ഷകക്ഷേമ പദ്ധതികള്‍

സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനവും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാല്‍ തന്നെ ഈ വിഭാഗത്തെ അവഗണിക്കാന്‍ ഇരു മുന്നണികള്‍ക്കും സാധ്യമായിരുന്നില്ല. സോയബീനും പരുത്തിക്കുമുള്ള കുറഞ്ഞ താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ അസ്വസ്ഥരായിരുന്നു. പ്രത്യേകിച്ച് വിദര്‍ഭയിലും മാറാത്തവാഡയിലും. കര്‍ഷക രോഷം ശമിപ്പിക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 7.5 എച്ച്പി വരെയുള്ള കാര്‍ഷിക പമ്പുകള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന ബജറ്റില്‍ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു. വിള വായ്പ എഴുതിത്തള്ളും, താങ്ങുവില ഭവന്തര്‍ യോജന പദ്ധതി വഴി തിരിച്ചുനല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും മഹായുതി പ്രകടന പത്രികയില്‍ നല്‍കി.

ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളയുകയും ഉള്ളിയുടെ കയറ്റുമതി തീരുവ കുറച്ചതുമാണ് മറ്റൊരു തിരുത്തല്‍ നടപടി. ഉള്ളി കയറ്റുമതി നിരോധനം സര്‍ക്കാര്‍ നീക്കുകയും സോയാബീന്‍ ഓയില്‍, ക്രൂഡ് പാം ഓയില്‍, ക്രൂഡ് സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. ഈ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂജ്യത്തില്‍നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതെല്ലാം കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവിച്ചത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം നവംബറില്‍ അതിന്റെ വിളവ് ബിജെപിയും മഹായുതിയും കൊയ്‌തെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News