മരിച്ചെന്ന് ഡോക്‌ടർമാർ, ആംബുലൻസ് സഡൻ ബ്രേക്കിട്ടപ്പോൾ അനക്കംകണ്ടു; 65കാരന് പുനർജന്മമെന്ന് കുടുംബം
മരിച്ചെന്ന് വിധിയെഴുതിയ മഹാരാഷ്ട്രയിലെ പാണ്ഡുരംഗ് ഉൾപെ പിന്നീട് നടന്നാണ് വീട്ടിലേക്ക് പോയത്....
കോലാപൂർ: ഹൃദയാഘാതവുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയതാണ് 65കാരനായ പാണ്ഡുരംഗ് ഉൾപെയെ. മരിച്ചെന്ന് ഡോക്‌ടർമാർ വിധിയെഴുതി. എന്നാൽ, 'ബോഡി'യുമായി ആംബുലൻസിൽ പോകവേ പുനർജന്മം. ഡിസംബർ 16 ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലാണ് സംഭവം.
കസബ-ബവാഡ നിവാസിയായ പാണ്ഡുരംഗ് ഉൾപെയെ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ശേഷം മരണം സംഭവിച്ചുകഴിഞ്ഞെന്ന് ഡോക്‌ടർമാർ പറഞ്ഞു. തുടർന്ന്, ആംബുലൻസിൽ പാണ്ഡുരംഗിന്റെ ബോഡിയുടെ വീട്ടിലേക്ക് തിരിച്ചതാണ് കുടുംബം. മരണവാർത്തയറിഞ്ഞ് വീട്ടിൽ അന്ത്യകർമത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു ബന്ധുക്കൾ.
ആംബുലൻസ് സ്‌പീഡ് ബ്രേക്കറിന് മുകളിലൂടെ കയറിപ്പോയ ശേഷം സഡൻ ബ്രേക്കിട്ടപ്പോഴാണ് ഞെട്ടിയത്. മരിച്ചുപോയ പാണ്ഡുരംഗിന്റെ വിരലുകൾ അനങ്ങുന്നു. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ രണ്ടാഴ്‌ച ചികിത്സ. ശേഷം നടന്നാണ് പാണ്ഡുരംഗ് വീട്ടിലേക്ക് പോയത്.
ഒരു നടത്തം കഴിഞ്ഞ് വീട്ടിൽ വന്ന് ചായ കുടിച്ച് ഇരിക്കുകയായിരുന്നു. തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. കുളിമുറിയിൽ പോയി ഛർദിച്ചത് മാത്രമേ ഓർമയുള്ളൂ. ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്നോ ഒന്നും അറിയില്ലെന്ന് പാണ്ഡുരംഗ് പറഞ്ഞു. അതേസമയം, ഇദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ച ആശുപത്രി അധികൃതർ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.