‘അവസാന മണിക്കൂറിൽ 76 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തി’: പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കോൺഗ്രസ്
പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കത്ത്
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കോൺഗ്രസ്. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കത്ത്. വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായി കത്തിൽ പറയുന്നു. 76 ലക്ഷം വോട്ടുകൾ അവസാന മണിക്കൂറിൽ പോൾ ചെയ്തതായും ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, സംസ്ഥാന ഘടകത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല, പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരാണ് കത്തയച്ചത്.
'2024 ജൂലൈ മുതൽ 2024 നവംബർ വരെ വോട്ടർ പട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. 50 നിയമസഭാ മണ്ഡലങ്ങളിൽ ശരാശരി 50,000 വോട്ടർമാരുടെ വർധനവുണ്ടായി. ഇതിൽ 47 മണ്ഡലങ്ങളിലും ഭരണകക്ഷിയാണ് വിജയിച്ചത്.'- കത്തിൽ പറയുന്നു.
'വൈകിട്ട് അഞ്ച് മണിക്ക് മഹാരാഷ്ട്രയിൽ 58.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അതേദിവസം രാത്രി 11.30 ആയപ്പോൾ അത് 65.02 ശതമാനമായി റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണുന്നതിനു മുൻപ് അത് 66.05 ശതമാനമായി മാറി. പോളിങ്ങിൻ്റെ അവസാന മണിക്കൂറിൽ 70 ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയത് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.'- കത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകറും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. 'തെരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. എന്നാൽ, വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷൻ ഒരു വിശദീകരണവും നൽകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ല. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ജാർഖണ്ഡിൽ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണ്.' അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ കോൺഗ്രസടങ്ങുന്ന മഹാവികാസ് അഘാടിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 288 അംഗ നിയമസഭയിൽ മഹായുതി സഖ്യം 230 സീറ്റുകളാണ് സ്വന്തമാക്കിയത്. എംവിഎ സഖ്യം 46 സീറ്റുകളിലൊതുങ്ങി. 20 സീറ്റുകൾ നേടി പ്രതിപക്ഷ പാളയത്തിലെ ഏറ്റവും വലിയ കക്ഷിയായി ഉദ്ധവ് വിഭാഗം ശിവസേന മാറിയപ്പോൾ കോൺഗ്രസ് 16 ഉം എൻസിപി ശരദ് പവാർ വിഭാഗം 10 സീറ്റുകളുമാണ് നേടിയത്.
മറുവശത്ത് 132 സീറ്റോടെ ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി. എൻസിപി അജിത് പവാർ വിഭാഗം 41 സീറ്റുകളും ഷിൻഡെ വിഭാഗം ശിവസേന 57 സീറ്റുകളും നേടി.