ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
നേരത്തെ ജൂൺ 30 വരെയായിരുന്നു പാൻ കാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. മൂന്ന് മാസമാണ് കാലാവധി നീട്ടിയത്. പുതുക്കിയ കാലാവധി പ്രകാരം സെപ്റ്റംബർ 30 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യമറിയിച്ചത്.
നേരത്തെ ജൂൺ 30 വരെയായിരുന്നു പാൻ കാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. കൂടാതെ കോവിഡ് ചികിത്സയ്ക്ക് കേന്ദ്രം നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് ചികിത്സയ്ക്ക് ചിലവഴിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. 2019 മുതൽ കോവിഡ് ചികിത്സയ്ക്ക് നൽകുന്ന പണത്തിനാണ് ഇളവ് ലഭിക്കുക. തൊഴിലുടമ ജീവനക്കാർക്കോ, ഒരു വ്യക്തി മറ്റൊരാൾക്കോ കോവിഡ് ചികിത്സയ്ക്കായി നൽകുന്ന തുക പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കും.
തൊഴിലാളി മരിച്ചതിന്‍റെ ഭാഗമായി കുടുംബത്തിന് തൊഴിലുടമ നൽകുന്ന ധനസഹായത്തിനും ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നൽകുന്ന ധനസഹായത്തിനും ഇളവ് ബാധകമാണ്. ഇത് പത്തുലക്ഷത്തിൽ കൂടരുത്.