'കെജ്‌രിവാൾ താഴത്തില്ലടാ': പുഷ്പ മോഡലിൽ ഡൽഹിയിൽ പോസ്റ്റർ പോര്
ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് പോസ്റ്ററുകൾ ഇറക്കി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുള്ളത്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'പുഷ്പ മാതൃകയില്‍' ഡല്‍ഹിയില്‍ പോസ്റ്റര്‍ പോര്. ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും തമ്മിലാണ് പോസ്റ്ററുകള്‍ ഇറക്കി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.
പുഷ്പ 2 സിനിമയുടെ മാതൃകയില്‍ കെജ്‌രിവാളിനെ നായകനാക്കി അടുത്തിടെയാണ് എഎപി പോസ്റ്റര്‍ ഇറക്കിയത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗിനെ അടിസ്ഥാനമാക്കി 'കെജ്‌രിവാൾ താഴത്തില്ലടാ' എന്നാണ് പോസ്റ്ററിലെ വാചകം. ആം ആദ്മി പാർട്ടിയുടെ ചിഹ്നമായ ചൂൽ തോളിൽ വഹിച്ചുകൊണ്ടാണ് കെജ്‌രിവാളിനെ പോസ്റ്ററില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നാലാമതും എഎപി ഭരണത്തിലേറുമെന്ന് സൂചിപ്പിക്കുന്ന വാചകമായ "നാലാം ടേം ഉടൻ വരുന്നു" എന്നും പോസ്റ്ററില്‍ കാണാം. 2013, 2015, 2020 വർഷങ്ങളിലായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറിയിരുന്നത്.
ഇതിന് മറുപടിയെന്നോണം പുഷ്പ പോസ്റ്ററുമായി ബിജെപിയും രംഗത്ത് എത്തി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയെ സിംഹാസനത്തിലിരുത്തിയുള്ള ഡിസൈനാണ് ബിജെപി പിടിച്ചത്. അഴിമതിക്കാരെ അവസാനിപ്പിക്കും എന്നാണ് ബിജെപിയുടെ പോസ്റ്ററിലെ വാചകങ്ങള്‍.
അതേസമയം ഡൽഹിയിൽ ഭരണം നിലനിർത്താൻ തീവ്രശ്രമങ്ങളാണ് എഎപി നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ അവർ ഒരുക്കങ്ങൾ ആരംഭിച്ചു. 70 അംഗ നിയമസഭയിൽ 31 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ അവർ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുള്ളൂ. അതും വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസും ബിജെപിയും പ്രചാരണവുമായി രംഗത്തുണ്ടെങ്കിലും എഎപിയുടെ അത്ര സജീവമല്ല.