ഓൺലൈൻ ഫുഡ് ഡെലിവറിക്കുള്ള ജിഎസ്‌ടി കുറയില്ല, ഇൻഷുറൻസുകൾക്കും ഇളവില്ല

ഉപയോഗിച്ച കാറുകൾ യൂസ്‌ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്‌ടി നിരക്ക് കൂടും

Update: 2024-12-21 16:37 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്‌ടി കുറയ്ക്കുന്നതിൽ ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ സമവായമായില്ല. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഭക്ഷ്യവിതരണത്തിനുള്ള നികുതി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചും തീരുമാനമായില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിൽ നടക്കുന്ന മറ്റൊരു യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. 

148 ഇനങ്ങളുടെ ജിഎസ്‌ടി നിരക്കിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ച നിരക്ക് റിപ്പോർട്ട് 55-ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പരിഗണിച്ചില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും അറിയിച്ചു. നിർദിഷ്‌ട ജിഎസ്‌ടി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്‌ടത്തെക്കുറിച്ച് ചില സംസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് ലൈഫ് ഇൻഷുറൻസുകൾക്കുള്ള ജിഎസ്‌ടി ഇളവ് യോഗം തള്ളിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരോഗ്യ ഇൻഷുറൻസിനായി മുതിർന്ന പൗരന്മാർ അടക്കുന്ന പ്രീമിയം, ടേം ലൈഫ് ഇൻഷുറൻസിനായി എല്ലാവരും അടക്കുന്ന പ്രീമിയം എന്നിവയ്ക്ക് ജിഎസ്‌ടി ഒഴിവാക്കുന്നതിനെ കുറിച്ച് നേരത്തെ ചർച്ച ചെയ്‌തിരുന്നു. കവറേജ് പരിഗണിക്കാതെ മുതിർന്ന പൗരന്മാർ അടയ്ക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. മറ്റ് പൗരന്മാർക്ക്, 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കുന്നതായി പരിഗണിച്ചു. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്ക് നിലവിലുള്ള 18 ശതമാനം നിരക്ക് തുടരും.

റെഡി ടു ഈറ്റ് പോപ്‌കോണുകളുടെ ജിഎസ്‌ടി കൂട്ടിയിട്ടുണ്ട്. കാരമൽ പോപ്കോൺ പഞ്ചസാര ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നതിനാൽ 18 ശതമാനം ജിഎസ്‌ടി ഈടാക്കും. അതേസമയം, ഏവിയേഷൻ ടർബൈൻ ഫ്യുവലിനെ (എടിഎഫ്) ജിഎസ്‌ടിക്ക് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇത്തവണയും തീരുമാനമായില്ല. വായ്‌പയെടുക്കുന്നവരിൽ നിന്ന് ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തേണ്ടതില്ലെന്നും കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്. 

ഉപയോഗിച്ച കാറുകൾ യൂസ്‌ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങിയാൽ ജിഎസ്‌ടി നിരക്ക് കൂടും. പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് അഞ്ച് ശതമാനമായിരിക്കും ജിഎസ്‌ടി. വ്യക്തികൾ തമ്മിൽ വിൽക്കുന്ന പഴയ ഇവികൾക്ക് ഇത് ബാധകമായിരിക്കില്ല. യൂസ്‌ഡ് കാർ കമ്പനികളിൽ നിന്നും വാങ്ങുന്നവക്ക് ജിഎസ്‌ടി നിരക്ക് 18 ശതമാനമായി ഉയർത്തുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.

ജീൻ തെറാപ്പി ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ പദ്ധതികൾക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ജിഎസ്‌ടി ഈടാക്കില്ല. കശുവണ്ടി കർഷകർ നേരിട്ട് നടത്തുന്ന ചെറുകിട വിൽപ്പനക്കും നികുതിയുണ്ടാകില്ല. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News