ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രിംകോടതി
ബിജെപി വിജയിച്ച തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. ആം ആദ്മി പാർട്ടി സ്ഥാനാർഥി കുൽദീപ് കുമാറിനെ സുപ്രീംകോടതി വിജയിയായി പ്രഖ്യാപിച്ചു. പ്രിസൈഡിങ് ഓഫീസർ അനിൽ മസിഹിനെതിരെ നടപടിയെടുക്കുവാനും സുപ്രീംകോടതി നിർദ്ദേശം നൽകി.
ബുദ്ധിമുട്ടേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
പ്രിസൈഡിങ് ഓഫീസർ അനിൽ മസിഹ്, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചു എന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ആം ആദ്മി പാർട്ടി സ്ഥാനാർഥി കുൽദീപ് കുമാറിനെ ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ബാലറ്റ് പേപ്പറുകള്‍ നേരിട്ട് പരിശോധിച്ചിരുന്നു. ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം പ്രിസൈഡിങ് ഓഫീസർ അസാധുവാണെന്ന് വിലയിരുത്തിയ എട്ടു വോട്ടുകള്‍ സാധുവാണെന്ന് സുപ്രീംകോടതി വിധിച്ചു.
അനില്‍ മാസിഹ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും എന്നാല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബാലറ്റ് പേപ്പറില്‍ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫീസർ അനില്‍ മാസിഹിനെതിരെ സെക്ഷന്‍ 340 പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി അനില്‍ മാസിഹിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സത്യത്തിൻ്റെ വിജയം എന്നായിരുന്നു സുപ്രീംകോടതി വിജയിയായി പ്രഖ്യാപിച്ച കുൽദീപ് കുമാറിന്റെ പ്രതികരണം.
മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി തള്ളി. വീണ്ടും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മൂന്ന് ആം ആദ്മി കൗൺസിലർമാരെ ബി.ജെ.പി സ്വന്തം പാളയത്തിൽ എത്തിച്ചിരുന്നു. ബുദ്ധിമുട്ടേറിയ കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.
ബി.ജെ.പി നടത്തിയത് വൃത്തികെട്ട തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഗൂഢാലോചനകൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുൽഗാന്ധിയും ആരോപിച്ചു.