കോൺഗ്രസുമായുള്ള ചർച്ച എങ്ങുമെത്തിയില്ല: ഹരിയാനയിൽ 50 സീറ്റുകളിൽ മത്സരിക്കാൻ എഎപി
ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന ഹരിയാനയില്‍ ഭരണമുറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹരിയാനയിൽ എഎപി- കോൺഗ്രസ് സഖ്യമായി മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താതെ പോയതാണ് ഇരുപാർട്ടികൾക്കുമിടയിൽ തടസമായത്. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി, ഏറെ നാൾ തലവേദനയായ കോൺഗ്രസിനുള്ളിലെ സീറ്റ് തർക്കം കഴിഞ്ഞ ദിവസമാണ് പരിഹരിച്ചത്.
അതിനിടെ 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നാളെ(സെപ്തംബർ എട്ട്) എഎപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഹരിയാനയിൽ ഇൻഡ്യ സഖ്യം ഉണ്ടാവില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യമായ മത്സരിച്ച പാർട്ടികളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കുന്നത്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയാണ് എഎപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. അതുവരെ ഇല്ലാതിരുന്ന ചർച്ച അതോടെ സജീവമായെങ്കിലും സീറ്റ് വിഭജനം വലിയ തലവേദനയായി. കോൺഗ്രസിനുള്ളിൽ തന്നെ സീറ്റ് കിട്ടാൻ പരസ്പരം അടി കൂടുന്നതിനിടെയാണ് രാഹുൽഗാന്ധിയുടെ നിർദേശവും വന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ്, കോണ്‍ഗ്രസിനും ബിജെപിക്കും മുന്നേ ഹരിയാനയില്‍ എഎപി പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം തന്നെ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആപ്പുമായുള്ള സഖ്യത്തോട് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. പ്രത്യേകിച്ച് ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഹരിയാന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹൂഡ പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും വാര്‍ത്തകള്‍ വന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഹരിയാനയുടെ ചുമതലയുള്ള ദീപക് ബാബരിയ കഴിഞ്ഞ ബുധനാഴ്ചയും പറഞ്ഞിരുന്നത്. പിന്നീട് എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദ, ബാബരിയയെ ഡൽഹിയിലെ വസതിയിൽ കാണുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചകളില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല. ആകെയുള്ള 90 സീറ്റില്‍ കുറഞ്ഞത് 10 സീറ്റ് വേണമെന്നാണ് ആപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ കുറഞ്ഞത് അഞ്ച് പരമാവധി ഏഴ്, അതിനപ്പുറം സാധ്യമല്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തോടെ സഖ്യചര്‍ച്ചകള്‍ വഴിമുട്ടി.
ഭരണമുള്ള ഡല്‍ഹിയുമായും പഞ്ചാബുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് പരിധിവിട്ട് വിട്ടുവീഴ്ച വേണ്ടെന്ന് ആപ്പ് നേതാക്കളും തീരുമാനിച്ചു. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 12നകം സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം. ഫലം ഒക്ടോബര്‍ എട്ടിനാണ്. ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന ഹരിയാനയില്‍ ഭരണമുറപ്പിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എഎപിയെക്കൂടി കൂടെകൂട്ടിയാല്‍ കോണ്‍ഗ്രസിന്റെ ജയം എളുപ്പമാകുമെന്ന് വിലയിരുത്തുന്നവരും സംസ്ഥാനത്തുണ്ട്.