പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് എഎപി സർക്കാർ
300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
മൊഹാലി: പഞ്ചാബിൽ 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് ആം ആദ്മി പാർട്ടി സർക്കാർ. ജുലൈ ഒന്ന് മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു മാസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം.
300 യൂനിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതിൽപ്പടി റേഷൻ വിതരണ പദ്ധതിക്ക് കഴിഞ്ഞ മാസം തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും വന്നിരിക്കുന്നത്.
ഡൽഹിയിൽ ആപ് സർക്കാർ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നുണ്ട്. മാർച്ച് 19ന് ചേർന്ന പ്രഥമ മന്ത്രിസഭാ യോഗത്തിൽ പൊലീസിൽ 10,000 നിയമനം അടക്കം 25,000 ആളുകൾക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.