'ഗ്യാരണ്ടി' പോര; ഓഹരിവിപണിയിൽ അദാനിക്ക് നഷ്ടം 3.6 ലക്ഷം കോടി

എക്‌സിറ്റ് പോളുകളുടെ ബലത്തിൽ കുതിച്ചു കയറിയ അദാനി ഓഹരികൾ കനത്ത തിരിച്ചടി നേരിടുന്ന കാഴ്ചയാണ് ഇന്ന്

Update: 2024-06-04 14:13 GMT
Advertising

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതോടെ ഓഹരിവിപണിയിൽ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്. വിപണിമൂല്യത്തിൽ 3.6 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. എക്‌സിറ്റ് പോളുകളുടെ ബലത്തിൽ കുതിച്ചു കയറിയ അദാനി ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിടുന്ന കാഴ്ചയാണ് ഇന്ന്.

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളായിരുന്നു അദാനിക്ക് ഇന്നലെ സ്റ്റോക്ക് മാർക്കറ്റിൽ നേട്ടമുണ്ടാക്കിയത്. എക്‌സിറ്റ് പോളിൽ വിശ്വസിച്ച് ഓഹരി വിപണി കുതിച്ചുയർന്നപ്പോൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും അദാനി ഗ്രൂപ്പ് ഓഹരികളായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വരുന്നതിന് ഒരു ദിവസം മുമ്പ് വരെ 19.2 ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം. ഇതിന്നലെ 19.4 ലക്ഷം കോടിയിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇതാണിപ്പോൾ 16.9 ലക്ഷം കോടിയിലേക്കെത്തിയിരിക്കുന്നത്.

വോട്ടെടുപ്പ് ഫലം പുറത്ത് വന്ന് ഉച്ചയോടെ തന്നെ 5.7 ശതമാനത്തിന്റെ തകർച്ചയായിരുന്നു സെൻസെക്‌സിൽ. ഇന്നലെ സെൻസെക്‌സും നിഫ്റ്റിയും 3.4, 3.25 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ 21 ശതമാനത്തിന്റെ വരെ ഇടിവ് രേഖപ്പെടുത്തി. ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പുണ്ടായിരുന്നതിലും താഴേക്കാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം ഇടിഞ്ഞിരിക്കുന്നത്.

വൻ സംരംഭങ്ങളേക്കാൾ സമൂഹക്ഷേമത്തിനും ഉന്നമനത്തിനും പൊതുജനം മൂല്യം നൽകിയതാണ് എൻഡിഎയുടെ തിരിച്ചടിക്ക് പിന്നിലെന്നാണ് സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റുകളുടെ നിഗമനം. ഇത് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഓഹരികളിൽ കുത്തനെയുള്ള ഇടിവിന് കാരണമായി. അദാനി പോർട്ട് തന്നെയാണ് ഉദ്ദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നതും. 21 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് മാത്രം അദാനി പോർട്ട് നേരിട്ടത്. അദാനി എനർജി സൊല്യൂഷൻസ് 20 ശതമാനവും നഷ്ടം നേരിട്ടു.

അദാനി കമ്പനികളിൽ പ്രമുഖനായ അദാനി എന്റർപ്രൈസസിന് 19.2 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അംബുജ സിമന്റ്‌സ് 16.9 ശതമാനവും എസിസി 14.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അദാനിയുടെ നിയ​ന്ത്രണത്തിലുള്ള എൻ.ഡി.ടി.വിയുടെ ഓഹരികൾക്കും തിരിച്ചടി നേരിട്ടു.

അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിവിനോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചിട്ടുണ്ട്. മോദി പോയപ്പോൾ അദാനിയും പോയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News