എസ്‌സി/എസ്‌ടി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്രം

സർവകലാശാലകൾ, ഐഐടികൾ, എയിംസ്, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം

Update: 2024-12-04 06:39 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: എസ്‌സി/എസ്‌ടി വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ജനതാദൾ (യുണൈറ്റഡ്) എംപി അലോക് കുമാർ സുമന്‍റെ ചോദ്യത്തിന് പാര്‍ലമെന്‍റില്‍ മറുപടി പറയുകയായിരുന്നു സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാര്‍.

സർവകലാശാലകൾ, ഐഐടികൾ, എയിംസ്, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. 2013 മുതൽ 2022 വരെ എസ്‌സി, എസ്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ/അതിക്രമങ്ങൾ എന്നിവയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വർധനവ് എടുത്തുകാണിച്ചുകൊണ്ട് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റ മന്ത്രി ചോദ്യത്തിന് മറുപടിയായി പരാമർശിച്ചു. സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയും എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ദേശീയ ഹെൽപ്പ്‌ലൈനും നിയമങ്ങൾ നടപ്പിലാക്കുന്നതിനായി നടത്തുന്നുണ്ടെന്ന് വീരേന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, "വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുമേഖലാ യൂണിറ്റുകളിലെയും പട്ടികജാതി/പട്ടികവർഗക്കാർക്കെതിരായ വിവേചനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ക്രോഡീകരിക്കപ്പെടുന്നില്ലെന്ന്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌സി/എസ്ടി വിദ്യാർഥികളുടെ സെല്ലുകൾ, പരാതി പരിഹാര സമിതികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലെയ്‌സൺ ഓഫീസർമാരുടെ നിയമനം എന്നിവ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവേചനം ചെറുക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ്റെ കർശനമായ മാനദണ്ഡങ്ങൾ ഉൾപ്പെടെ എസ്‌സി/എസ്‌ടി വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News