ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വെടിയുതിർത്തു; സംഭവം സുവർണ ക്ഷേത്രത്തിൽ
അക്രമിയെ പിടികൂടി പൊലീസിലേൽപ്പിച്ചു
അമൃത്സർ: പഞ്ചാബിലെ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അക്രമി സുഖ്ബീറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ ഇവിടെയുണ്ടായിരുന്നവർ ഇയാളെ പിടികൂടി. സംഭവത്തിൽ ആർക്കും പരിക്കില്ല. നരൈൻ സിങ് ചൗര എന്നയാളാണ് അക്രമി. ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ബബ്ബർ ഖൽസ ഇൻറർനാഷനൽ എന്ന തീവ്രവാദ സംഘടനയിലെ അംഗമാണിയാളെന്ന് പൊലീസ് പറയുന്നു. മതപരമായ ശിക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് പുറത്ത് കാവൽക്കാരെൻറ ജോലിയിലായിരുന്നു സുഖ്ബീർ സിങ് ബാദൽ. വീൽചെയറിലാണ് ഇദ്ദേഹം ക്ഷേത്രത്തിലേക്ക് വന്നിരുന്നത്. നിരവധി കേസുകളിൽ പ്രതിയാണ് നരൈൻ സിങ് ചൗര.
കൈയിൽ കുന്തവും കഴുത്തിൽ ഫലകവുമായി ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹം സുവർണ ക്ഷേത്രത്തിലെ ഗേറ്റിന് മുന്നിൽ കാവൽ നിൽക്കുന്നത്. സിഖ് വിശ്വാസത്തിൽ ‘തൻഖാ’ എന്ന പേരിലറിയപ്പെടുന്ന ശിക്ഷാ നടപടി ബാദലിനും പാർട്ടിയിലെ മറ്റു നേതാക്കൾക്കും ശ്രീ അകാൽ തഖ്ത് സാഹിബ് ബുധനാഴ്ചയാണ് വിധിച്ചത്.
2007 മുതൽ 2017 വരെ ശിരോമണി അകാലിദൾ സർക്കാർ ചെയ്ത തെറ്റുകൾക്കാണ് ഇപ്പോൾ മതപരമായ ശിക്ഷ വിധിച്ചത്. സുവർണ ക്ഷേത്രത്തിൽ പാത്രങ്ങൾ കഴുകുക, ഷൂസ് വൃത്തിയാക്കുക തുടങ്ങിയവയാണ് ശിക്ഷാനടപടി. തെറ്റുകൾ അംഗീകരിച്ചുകൊണ്ടുള്ള ചെറിയ ബോർഡ് കഴുത്തിൽ തൂക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിെൻറ ഉപമുഖ്യമന്ത്രി, ലോക്സഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാൾ കൂടിയാണ് സുഖ്ബീർ സിങ് ബാദൽ.
#WATCH | Punjab: Bullets fired at Golden Temple premises in Amritsar where SAD leaders, including party chief Sukhbir Singh Badal, are offering 'seva' under the religious punishments pronounced for them by Sri Akal Takht Sahib, on 2nd December. pic.twitter.com/rLlMyRWo9S
— ANI (@ANI) December 4, 2024